എന്‍ സി പിയിലെ ഒരു വിഭാഗം ബി ജെ പിയിലേക്കെന്ന സൂചനക്കിടെ ഗൗതം അദാനി ശരത്പവാറിനെ കണ്ടു

India

ന്യൂദല്‍ഹി: അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍ സി പിയിലെ ഒരു വിഭാഗം ബി ജെ പി മുന്നണിയിലേക്കെന്ന സൂചനക്കിടെ ശരത് പവാറുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി. പവാറിന്റെ മുംബൈയിലെ വീട്ടിലെത്തിയാണ് ഗൗതം അദാനി ശരത് പവാറിനെ കണ്ടത്. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍ സി പിയിലെ ഭൂരിപക്ഷവും ബി ജെ പിയിലേക്കെന്ന വാര്‍ത്ത ശക്തമായിരിക്കുകയാണ്. പവാറിന്റെ എതിര്‍പ്പ് മാത്രമാണ് അജിത് പവാറിന്റെ ബി ജെ പി മുന്നണിയിലേക്കുള്ള മാറ്റത്തിന് തടസ്സം. ഇതിനിടെയുള്ള ഗൗതം അദാനിയുടെ സന്ദര്‍ശനത്തില്‍ ഊഹാപോഹങ്ങളും സജീവമായിട്ടുണ്ട്.

അദാനിയുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് വിഷയം സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യവും ശക്തമാണ്. ഇതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിരിക്കുമെന്നാണ് അറിയുന്നത്. രണ്ടുമണിക്കൂറോളം പവാറും അദാനിയും ചര്‍ച്ച നടത്തി.

അതേസമയം രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലന്നും അദാനിയുടെയേത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും എന്‍ സി പി നേതാക്കള്‍ പറഞ്ഞു. നേരത്തെ അദാനി ഗ്രൂപ്പിനെ പിന്തുണച്ച് പവാര്‍ രംഗത്തെത്തുകയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നത് വാര്‍ത്തയായിരുന്നു.