കോടതി കനിഞ്ഞിട്ടും വീട്ടിലെത്താന്‍ കഴിയാതെ മഅ്ദനി; യാത്ര തടയാന്‍ തന്ത്രങ്ങളുമായി കര്‍ണാടക

India

ബംഗളുരു: കോടതിയില്‍ നിന്നും കനിവുണ്ടായിട്ടും കര്‍ണാടക സര്‍ക്കാറിന്റെ തന്ത്രങ്ങള്‍ കാരണം വീട്ടിലെത്താന്‍ കഴിയാതെ അബ്ദുനാസ്സര്‍ മഅ്ദനി. ഒരു കോടിയോളം രൂപ നല്‍കിയാലെ കേരളത്തിലേക്ക് പോകാനുള്ള അനുമതി നല്‍കൂ എന്നാണ് കര്‍ണാടക പറയുന്നത്. ഈ സാഹചര്യത്തില്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് മഅ്ദനിയും കുടുംബവും.

ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തില്‍ 60 ലക്ഷം രൂപയും അവരുടെ താമസവും ഭക്ഷണത്തിനുമായി വരുന്ന ചെലവും മദനി വഹിക്കണമെന്നാണ് ബംഗളുരു പൊലീസ് പറയുന്നത്. ശമ്പളവും ഭക്ഷണവും മറ്റ് ചെലവുളുമടക്കം ഒരു കോടി രൂപയോളം വഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മഅ്ദനിയും കുടുംബവും. ഇതുകാരണമാണ് വീണ്ടും കോടതിയെ സമീപിക്കാനുള്ള തീരുമാനം. കര്‍ണാടക സര്‍ക്കാറും പൊലീസും ചേര്‍ന്ന് പ്രയാസപ്പെടുത്തുന്ന വിവരങ്ങള്‍ മഅ്ദനി ഫെയ്‌സ്ബുക്കിലൂടെയുള്ള ശബ്ദ സന്ദേശത്തിലാണ് പുറത്തുവിട്ടത്.

കഴിഞ്ഞ 17നാണ് മദനിക്ക് കേരളത്തിലേക്ക് പോകുന്നതിന് സുപ്രിംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. അസുഖ ബാധിതനായി കഴിയുന്ന പിതാവിനെ കാണുന്നതിന് ജൂലായ് പത്തുവരെ കേരളത്തില്‍ കഴിയുന്നതിനാണ് സുപ്രിം കോടതി അനുമതി നല്‍കിയത്. എന്നാല്‍ ഈ യാത്ര തടയുകയെന്ന ലക്ഷ്യത്തോടെയാണ് കര്‍ണാകയുടെ നീക്കം.