കര്‍ണാടകയില്‍ തമ്മിലടിച്ച് ബി ജെ പി; നേരിട്ട് ഏറ്റുമുട്ടി കേന്ദ്രമന്ത്രിയും എം എല്‍ എയും

India

കര്‍ണ്ണാടകാ കത്ത്/ഡോ കൈപ്പാറേടന്‍

കേന്ദ്ര രാസവളം മന്ത്രി ഭഗവന്ത് ഖൂബയ്‌ക്കെതിരേ 200 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് വ്യക്തമാക്കി ബി ജെ പി എം എല്‍ എ പ്രഭു ചവാന്‍ രംഗത്തുവന്നതോടെ കര്‍ണാടക ബി ജെ പിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക്.

പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിയും എം എല്‍ എയും നേരിട്ട് ഏറ്റുമുട്ടുന്നത് ബി ജെ പിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ബീദര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തനിക്കും ബി ജെ പിക്കുമെതിരേ എം എല്‍ എ ആയ പ്രഭു ചവാന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഒത്തുകളിക്കുകയാണെന്നാണ് കേന്ദ്ര മന്ത്രി ഭഗവന്ത് ഖൂബയുടെ ആരോപണം.

ഭഗവന്ത് ഖൂബയുടെ സിറ്റിങ് മണ്ഡലമാണ് ബീദര്‍. അടുത്തതവണയും അദ്ദേഹം ഇവിടെനിന്ന് ജനവിധിതേടാനുള്ള ഒരുക്കത്തിലാണ്. ഇതിന് പ്രഭു ചവാന്‍ തടയിടാനുള്ള ശ്രമത്തിലാണെന്നാണ് ഭഗവന്ത് ഖൂബ പറയുന്നത്. ബീദര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ഔറാദില്‍ നിന്നുള്ള എം എല്‍ എയാണ് പ്രഭു ചവാന്‍.

എം പി യും എം എല്‍ എയും തമ്മില്‍ പാര്‍ട്ടി വേദികളില്‍ വളരെ നാളുകളായി തുടര്‍ന്നുവന്ന ഏറ്റുമുട്ടലാണ് ഇപ്പോള്‍ പരസ്യ വിഴുപ്പലക്കലായി മാറിയിരിക്കുന്നത്. കേന്ദ്ര മന്ത്രി ഭഗവന്ത് ഖൂബ തന്നെ ഔറാദ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രഭു ചവാന്റെ ആരോപണം. വാടക ഗുണ്ടകളെ വിട്ട് തന്നെ വകവരുത്താന്‍ കേന്ദ്രമന്ത്രി ശ്രമിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രഭു ചവാന്റെ പ്രസ്താവനക്കെതിരെ നൂറുകോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെ പരസ്യമായി വെല്ലുവിളിച്ച് പ്രഭു ചവാന്‍ വീണ്ടും രംഗത്തെത്തി. ബീദറില്‍ ഖൂബയെ മാറ്റി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനെ അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്നും ഈയാവശ്യം പാര്‍ട്ടി നേതൃത്വം അംഗീകരിച്ചില്ലെങ്കില്‍ മന്ത്രിക്കെതിരെ താന്‍ 200 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ചവാന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിയും സംസ്ഥാനത്തെ പ്രമുഖനായ എം എല്‍ എയും തമ്മില്‍ തെരുവില്‍ നേരിട്ട് ഏറ്റുമുട്ടുന്നത് കണ്ട് എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കുകയാണ് ബി ജെ പി നേതൃത്വവും അണികളും.