ഉത്പാദന മേഖലയില്‍ സഹകരണ മേഖല വലിയ പുരോഗതി കൈവരിച്ചു: മന്ത്രി വി എന്‍ വാസവന്‍

Kerala

കോഴിക്കോട്: ഉത്പാദന മേഖലയില്‍ വലിയ പുരോഗതി കൈവരിക്കുന്ന മേഖലയായി സഹകരണ മേഖല മാറിയതായി രജിസ്‌ട്രേഷന്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സംസ്ഥാനത്ത് ഉടനീളം നടക്കുന്ന സഹകരണ എക്‌സ്‌പോകളുടെ വിജയം ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സെലക്റ്റ് കമ്മിറ്റി സിറ്റിംഗ് ആമുഖ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിര്‍മ്മാണം, ആതുര സേവനം, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും പുരോഗതി കൈവരിച്ചു കഴിഞ്ഞു. ഇത് ശരിവെക്കുന്നതാണ് സഹകരണ സംഘത്തിന് ലഭിച്ച നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍. കുറ്റമറ്റരീതിയില്‍ നിയമപരമായ പരിരക്ഷ സഹകരണമേഖലയ്ക്ക് അത്യാവശ്യമായി വന്ന പശ്ചാത്തലത്തിലാണ് സമഗ്രമായ നിയമഭേദഗതി കരട് നിര്‍ദേശം മുന്നോട്ട് വച്ചതെന്നും അദ്ദേഹം പറഞ്ഞു.

അത്തോളിയില്‍ നടന്ന കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സെലക്റ്റ് കമ്മിറ്റി സിറ്റിങ്ങോടെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും സെലക്ട് കമ്മിറ്റി സിറ്റിംഗ് പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ചെയര്‍മാനായ സെലക്ട് കമ്മിറ്റി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, സഹകരണ സംഘങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു.

2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റില്‍ www.niyamasabha.org ലഭിക്കും. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുവാന്‍ താല്‍പര്യമുളളവര്‍ക്ക് യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. കൂടാതെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ മെയിലായോ (legislation.kla@gmail.com) സമിതി ചെയര്‍മാനോ നിയമസഭാ സെക്രട്ടറിക്കോ അയച്ചു കൊടുക്കാവുന്നതുമാണ്.