തിരുവനന്തപുരം: കേരളത്തെ 100 ശതമാനം ഡിജിറ്റല്‍ സംസ്ഥാനമാക്കി ഉയര്‍ത്തുന്നതിന്റെ സുപ്രധാന കാല്‍വയ്പായ ‘സമ്പൂര്‍ണ ഇഗവേണന്‍സ് കേരളം’ പ്രഖ്യാപനത്തോടനുബന്ധിച്ച് ഇലക്ട്രോണിക്‌സ്‌ഐടി വകുപ്പ് സംഘടിപ്പിക്കുന്ന എക്‌സിബിഷന് കനകക്കുന്നില്‍ തുടക്കമായി. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭ്യമാകുന്ന ഐടി സേവനങ്ങളാണ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് 4.30ന് കനകക്കുന്ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘സമ്പൂര്‍ണ ഇഗവേണന്‍സ് കേരളം’ പ്രഖ്യാപനം നടത്തും.
എക്‌സിബിഷന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് നിര്‍വ്വഹിച്ചു. ഇലക്ട്രോണിക്‌സ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബിന്‍സിലാല്‍ എന്നിവര്‍ സംബന്ധിച്ചു.
15 ലധികം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഡിജിറ്റല്‍ സ്റ്റാളുകളാണ് എക്‌സിബിഷനിലുള്ളത്. വകുപ്പുകളെക്കുറിച്ചുള്ള പൊതുവിവരങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും ഓഡിയോ, വിഷ്വല്‍ രൂപങ്ങളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. അതതു വകുപ്പുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ ചോദിച്ചറിയാനുള്ള സൗകര്യവും സ്റ്റാളുകളില്‍ ഒരുക്കിയിട്ടുണ്ട്. സമ്പൂര്‍ണ ഇഗവേണന്‍സ് ആകുന്നതിലൂടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തന സംവിധാനങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെയും ഇസേവനങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കാന്‍ എക്‌സിബിഷന്‍ പൊതുജനങ്ങളെ സഹായിക്കും.
കേരളത്തെ ഡിജിറ്റല്‍ വിജ്ഞാനസമൂഹമാക്കി മാറ്റുക, മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ഇഗവേണന്‍സിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് നേരിട്ടറിയാനും എക്‌സിബിഷന്‍ അവസരമൊരുക്കും. മേയ് 27 വരെ നടക്കുന്ന എക്‌സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.