കോഴിക്കോട്: ഹാസ്യത്തെ ജീവിതാനുഭവങ്ങളുമായി സമന്വയിപ്പിച്ച നടന്‍ മാമുക്കോയ യാത്രയാവുന്നത് ഭോജ്പുരി സിനിമാ സ്വപ്നം ബാക്കിയാക്കി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കോവിഡിന് മുന്‍പ് ഏറെ മുന്നോട്ടു പോവുകയും ചെയ്തിരുന്നു. ടോക്കണ്‍ അഡ്വാന്‍സായി അയ്യായിരം രൂപ മാമുക്കോയ സൗഹൃദത്തിന്റെ പേരില്‍ വാങ്ങുകയും ചെയ്തിരുന്നു. പത്ര പ്രവര്‍ത്തകനും സിനിമാ പ്രവര്‍ത്തകനുമായ എ വി ഫര്‍ദിസ് രചന നിര്‍വഹിച്ച പെന്‍ ലാലു സിനിമ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്താണ് ലിപിയില്ലാത്ത ഉത്തരേന്ത്യയിലെ ഭോജ്പുരി മൊഴിയില്‍ ഇറക്കുവാന്‍ തീരുമാനിച്ചിരുന്നത്.
മഹാരാഷ്ട്ര ബീഹാര്‍ മേഖലകളിലെ പ്രധാനപ്പെട്ട പ്രാദേശിക വാമൊഴി ഭാഷയാണ് ഭോജ്പുരി. ഒരുപക്ഷേ സിനിമ എന്ന നിലയില്‍ ഇതു മാത്രമായിരിക്കും മാമുക്കോയ, തീരുമാനിച്ച് പൂര്‍ത്തിയാക്കാത്ത പദ്ധതികളിലൊന്ന്. കോഴിക്കോട് സ്വദേശിയും മുംബൈയില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവീണിന്റെ സംവിധാനത്തില്‍ സിനിമ പുറത്തിറക്കാന്‍ ആയിരുന്നു തീരുമാനം. സംഗീത സംവിധാനം ഉയകുമാറായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് കോവിഡ് കാരണം ഈ സിനിമ നടക്കാതെ പോകുകയായിരുന്നു. ഈ വര്‍ഷം സിനിമ സംബന്ധിച്ച ജോലികള്‍ വീണ്ടും തുടങ്ങുവാന്‍ തീരുമാനിച്ചിരുന്നുവെന്ന് മാമുക്കോയയുടെ ബാല്യകാല സുഹൃത്തും സിനിമയുടെ നിര്‍മാതാക്കളായ മറുനാടന്‍ പ്രൊഡക്ഷന്‍സിന്റെ പ്രൊഡക്ഷന്‍ ഡിസൈനറുമായ ആറ്റക്കോയ പള്ളിക്കണ്ടി പറഞ്ഞു.
ഈ സിനിമ പുറത്തിറങ്ങുകയാണെങ്കില്‍ ഒരു പക്ഷേ ദേശീയ അവാര്‍ഡ് നേടിയ സുവീരന്റെ ബ്യാരി ഭാഷ പോലെ ലിപിയില്ലാത്ത രണ്ടാമത്തെ ഇന്ത്യന്‍ ഭാഷയില്‍ അഭിനയിച്ച ഏക മലയാളി അഭിനേതാവായി മലയാളത്തില്‍ നിന്ന് മാമുക്കോയ മാറുമായിരുന്നു.