വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
തിരുവനന്തപുരം: ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയ സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ സര്‍ക്കാര്‍. സമരം കാരണം നിര്‍മ്മാണ മേഖല ആകെ സ്തംഭിച്ച സാഹചര്യമായിട്ടും പ്രശ്‌ന പരിഹാരത്തിന് തയ്യാറാകാത്ത സര്‍ക്കാര്‍ ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റിയുമായി ഒരു ചര്‍ച്ചയും വേണ്ടന്ന നിലപാടിലാണ്. അതുകൊണ്ട് തന്നെയാണ് ക്വാറിക്കാരുടെ സമരത്തെ സി പി എമ്മിനെ ഇറക്കി പ്രതിരോധിക്കാനുള്ള നീക്കം.
ഇതിന്റെ ഭാഗമായി പലയിടങ്ങളിലും സി പി എമ്മിന്റെ ആഭിമുഖ്യത്തിലും സി എമ്മിനോടും സര്‍ക്കാറിനോടും ആഭിമുഖ്യം പുലര്‍ത്തുന്ന സംഘടനകളുടെ നേതൃത്വത്തിലും ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റിക്കെതിരെ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കല്പറ്റയില്‍ പത്രസമ്മേളനം നടത്തിയ ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഗുരുതര ആരോപണമാണ് ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റിക്കെതിരെ ഉന്നയിച്ചത്. അവര്‍ തന്നെ വില കൂട്ടി അവര്‍ തന്നെ സമരം നടത്തുകയാണെന്നാണ് കോണ്‍ട്രാക്ടര്‍മാരുടെ സംഘടനയുടെ ആരോപണം.
മെറ്റല്‍, മണല്‍, കരിങ്കല്ല് തുടങ്ങിയവയുടെ അന്യായവില വര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കമെന്ന് സി പി എം അങ്കമാലി ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സമര രംഗത്തിറങ്ങാനാണ് തീരമാനം. ക്രഷറുകളിലും കരിങ്കല്‍ ക്വാറികളിലും വരുത്തിയിട്ടുള്ള വില വര്‍ദ്ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി പി എം അങ്കമാലി ഏരിയ സെക്രട്ടറി അഡ്വ. K K ഷിബു അറിയിച്ചു. നിലവില്‍ ഇടക്കിടെ കരിങ്കല്‍ ഉത്പന്നങ്ങള്‍ക്ക് വര്‍ദ്ധനവ് വരുത്തുന്ന രീതിയാണ് ഉടമകളുടേത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നികുതിയിനത്തില്‍ വരുത്തിയ നേരിയ വര്‍ദ്ധനവിന്റെ മറപറ്റിയാണ് ഈ കൊള്ള വര്‍ദ്ധനവിന് ഉടമകള്‍ തയ്യാറായിട്ടുള്ളതെന്നും സി പി എം ആരോപിക്കുന്നു.
ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വിലവര്‍ദ്ധന പിന്‍വലിക്കാന്‍ ക്രഷര്‍ ഉടമകളും ക്വാറി ഉടമകളും തയ്യാറായില്ലെങ്കില്‍ സി പി എം ശക്തമായ പ്രക്ഷോഭ സമര പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നാണ് അങ്കമാലി ഏരിയ കമ്മിറ്റിയുടെ മുന്നറിയിപ്പ്.