കൊച്ചിടപ്പാടിയില്‍ നടപ്പാത കൈയ്യേറി കാഴ്ച മറച്ച് അനധികൃത കച്ചവടം

Kottayam

പാലാ: തിരക്കേറിയ ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ കൊച്ചിടപ്പാടി ഭാഗത്ത് നടപ്പാത കൈയ്യേറി അനധികൃത കച്ചവടം അപകടഭീതി ഉയര്‍ത്തുന്നു. മറ്റു പ്രദേശങ്ങളില്‍ നിന്നും പെട്ടിഓട്ടോയില്‍ എത്തിക്കുന്ന സാധനങ്ങള്‍ നടപ്പാത കൈയ്യേറിയാണ് അനധികൃത വ്യാപാരം നടത്തുന്നത്. നടപ്പാതയില്‍ വാഹനമിടുന്നതിനാല്‍ ഇതു വഴി കടന്നു പോകുന്ന സ്‌കൂട്ടര്‍ യാത്രികര്‍ അടക്കമുള്ളവര്‍ റോഡില്‍ വാഹനം നിറുത്തിയാണ് സാധനങ്ങള്‍ വാങ്ങുന്നത്. കാല്‍നടക്കാര്‍ക്കു റോഡില്‍ കയറി സഞ്ചരിക്കേണ്ട ഗതികേടും ഇതുമൂലമുണ്ടാവുന്നു. ഇതുവഴി വേഗതയില്‍ വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ അപകടസാധ്യത ഏറെയാണ്. അതുപോലെ കവീക്കുന്ന് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പാലാ ഭാഗത്തേയ്ക്ക് പോകാന്‍ തിരിയുമ്പോള്‍ ഇത്തരം വാഹനങ്ങള്‍ ഇവിടെ പാര്‍ക്കു ചെയ്യുന്നത് കാഴ്ച മറയ്ക്കുന്നതും അപകട സാഹചര്യം സൃഷ്ടിക്കുന്നു. റോഡ് ടെസ്റ്റിംഗിനു മോട്ടോര്‍ വാഹനങ്ങള്‍ എത്തിക്കുന്ന ഈ ഭാഗത്ത് ഇതേ രീതിയില്‍ നടപ്പാത കയ്യേറി പാര്‍ക്കു ചെയ്യുന്നതും നിത്യസംഭവമാണ്. ഇങ്ങനെ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ മൂലം കാഴ്ച മറയുന്നതിനാല്‍ ആളുകള്‍ കഷ്ടപ്പെട്ടാണ് ഇവിടം കടന്നു പോകുന്നത്. സ്ത്രീകളായവരും പുതുതായി ലൈസന്‍സ് നേടിയവരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. ഇതിന് തൊട്ടു മുന്നില്‍ സ്‌പെഷ്യല്‍ സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിടപ്പാടി വെയിറ്റിംഗ് ഷെഡിന് എതിര്‍വശത്താണ് അനധികൃത കച്ചവടം നടത്തുന്നത്. നടപ്പാത കൈയ്യേറി കാഴ്ച മറച്ചു കച്ചവടം നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കവീക്കുന്ന് വികസന സമിതി ആവശ്യപ്പെട്ടു. കണ്‍വീനര്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജോസ് മുകാല, ബൈജു ഇടത്തൊട്ടി, ജോസഫ് കുര്യന്‍, ഷൈജു കാരിമറ്റത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.