തിരുവനന്തപുരം: കെ സുധാകരനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കേസെടുത്തതിന് പിന്നാലെ സി പി എമ്മിലെ വലച്ച് ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ടുകോടി മുപ്പത്തിയഞ്ച് ലക്ഷം കൊണ്ടുപോയ സി പി എം ഉന്നത നേതാവിനെക്കുറിച്ചാണ് ഫേസ് ബുക്് പോസ്റ്റില്‍ ദേശാഭിമാനിയുടെ മുന്‍ എഡിറ്റര്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് വൈറലായതോടെയാണ് സി പി എം പ്രതിരോധത്തിലാകുന്നത്. നിലവിലെ പിണറായി മന്ത്രി സഭയിലെ ഒരു നേതാവിന്റെ ഇന്നോവ കാറിന്റെ ഡിക്കിയില്‍ വച്ചാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് ജി ശക്തിധരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പോസ്റ്റ് വൈറലായതോടെ ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ ഉടന്‍ കേസെടുക്കണമെന്നും ശക്തിധരന്റെ മൊഴി ഉടന്‍ രേഖപെടുത്തണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം പി രംഗത്തെത്തി. ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെടുന്നു.
കൊച്ചിയിലെ തന്റെ ഓഫീസിലെ ഒരു മുറിയില്‍ താമസിച്ചാണ് വന്‍ തോക്കുകള്‍ നല്‍കിയ പണം ഈ നേതാവ് ശേഖരിച്ചത്. ഈ നേതാവ് ജനിച്ചത് വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ ആണ്, അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമായിരുന്നത്രെ ഈ കൈതോലപ്പായയെന്നും ശക്തിധരന്‍ തന്റെ എഫ് ബി പോസ്റ്റില്‍ സൂചിപ്പിക്കുന്നു. അന്ന് ആദ്യമായിട്ടാണത്രെ ഈ നേതാവ് തന്റെ ഓഫീസിലുള്ള ആ മുറിയില്‍ താമസിച്ചത്്. അതിന് മുമ്പ് രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ കണ്ണൂരിലെ ഒരു നേതാവ് ചികിത്സക്കായി ഈ മുറിയില്‍ താമസിച്ചിരുന്നതായും ജി ശക്തിധരന്‍ പറയുന്നു.
സുധാകരനെതിരെയുള്ള കേസും സാമ്പത്തിക ആരോപണവും ഉന്നയിച്ച് സി പി എം കടന്നാക്രമണം നടത്തുന്നതിനിടെയെത്തിയ ആരോപണം മുതലെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും യു ഡി എഫും. ആരോപണത്തില്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ സി പി എം തയ്യാറാകാതിരുന്നാല്‍ അത് തിരിച്ചടിയാകും. സുധാകരനെതിരെയുള്ള പ്രചരണത്തെ കോണ്‍ഗ്രസ് ഈ ആരോപണം ഉന്നയിച്ചായിരിക്കും പ്രതിരോധിക്കുക.
എന്നാല്‍ ഈ പണം എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ലന്നും ജി ശക്തിധരന്‍ പറയുന്നു. അത് പോലെ തന്നെ കോവളത്തെ പ്രശസ്തമായ ഒരു ഹോട്ടലില്‍ വച്ചും ഈ നേതാവിന് ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ ലഭിച്ചിരുന്നു. രണ്ട് വലിയ കെട്ടുകളായിട്ടാണ് ആ പണം ലഭിച്ചത്. അതില്‍ ഒരു കെട്ട് പാര്‍ട്ടി ആസ്ഥാനത്തെ സീനിയര്‍ ആയ ജീവനക്കാരന് നല്‍കിയതെന്നും അടുത്ത് കെട്ട് പാര്‍ട്ടി ആസ്ഥാനത്തിന് അടുത്തുള്ള തന്റെ ഫഌറ്റിലേക്ക് ഈ നേതാവ് കൊണ്ടുപോയെന്നും ജി ശക്തിധരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
മുന്‍ എം എല്‍ എ മാരും ഇപ്പോഴത്തെ മന്ത്രിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതില്‍ പങ്കാളികളാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ആണ് ശക്തിധരന്‍ നടത്തിയിട്ടുള്ളത്. വെളിപ്പെടുത്തലുകളിലും ശക്തിധരന്റെ മൊഴി എടുക്കണം. ഇല്ലങ്കില്‍ ഇതില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ പുറത്തു വിടാന്‍ മറ്റു വഴികള്‍ തേടുമെന്നും ബെന്നി ബഹനാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.