ക്യാമറക്ക് പിന്നാലെ കെ ഫോണിലെ അഴിമതിയും പുറത്ത്

Kerala

കാസര്‍ക്കോട്: എ ഐ ക്യാമറക്ക് പിന്നാലെ കെ ഫോണ്‍ പദ്ധതിയിലെ അഴിമതിയും പുറത്ത്. സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായാണ് കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതും അഴിമതിക്കുവേണ്ടി നടപ്പാക്കിയ പദ്ധതിയാണെന്നാണ് രേഖകള്‍ സഹിതം പ്രതിപക്ഷം സമര്‍ത്ഥിക്കുന്നത്. അഴിമതിയില്‍ എസ്ആര്‍ഐടിക്കും ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

ഭാരത് ഇലക്ട്രോണിക്‌സിന് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി നല്‍കി. 520 കോടിയാണ് അധികമായി അനുവദിച്ചത്. കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. എസ്റ്റിമേറ്റ് തുക കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് എം ശിവശങ്കറാണ്. കെ ഫോണ്‍ അഴിമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും സതീശന്‍ അറിയിച്ചു.

ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എ ഐ ക്യാമറ അഴമിതിയില്‍ വ്യവസായ വകുപ്പിന്റെ അന്വേഷണത്തിന് പ്രസക്തിയില്ല. വ്യവസായ മന്ത്രി ഈ പദ്ധതിയെ ന്യായീകരിക്കുകയാണ്, പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. വിഷയത്തില്‍ നിയമനടപടിയും സ്വീകരിക്കുമെന്നും, ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ക്യാമറ ഇടപാടിനെയും വെല്ലുന്ന അഴിമതിയാണ് കെ ഫോണിന് പിന്നില്‍ നടത്തിയത്. അഴിമതി ക്യാമറ നടപ്പാക്കാന്‍ കെല്‍ട്രോണിനെയാണ് ഏല്‍പ്പിച്ചതെങ്കില്‍ കെ ഫോണില്‍ ഭാരത് ഇലക്ട്രോണിക്‌സിനെയാണ് (ബെല്‍) ചുമതലപ്പെടുത്തിയത്. 18 മാസത്തിനുള്ളില്‍ 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് ശൃംഖലയും സജ്ജമാക്കുകയെന്നതായിരുന്നു 2017ല്‍ ആരംഭിച്ച കെഫോണ്‍ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്തത്. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാനായില്ല. 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റെന്ന വാഗ്ദാനം 14000 മാക്കി ചുരുക്കിയിരിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

കെ ഫോണിന് 1028.8 കോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യ എസ്റ്റിമേറ്റ്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ നല്‍കിയത്. 1028.8 കോടിയുടെ പദ്ധതി ഈ കണ്‍സോര്‍ഷ്യത്തിന് നല്‍കിയപ്പോള്‍ 1531 കോടി രൂപയായി ഉയര്‍ന്നു. അതായത് യഥാര്‍ത്ഥ എസ്റ്റിമേറ്റ് തുകയേക്കാള്‍ 520 കോടിയോളം രൂപയാണ് ടെന്‍ഡര്‍ എക്‌സസായി നല്‍കിയത്. സര്‍ക്കാര്‍ കരാറുകളില്‍ പത്ത് ശതമാനത്തില്‍ അധികം ടെന്‍ഡര്‍ എക്‌സസ് നല്‍കാന്‍ പാടില്ലെന്ന് അന്ന് ധനകാര്യ സെക്രട്ടറിയായിരുന്ന കെ എം എബ്രഹാം ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് 50 ശതമാനം ടെന്‍ഡര്‍ എക്‌സസ് നല്‍കിയത്. 103 കോടി കൊടുക്കേണ്ട സ്ഥാനത്താണ് 50 ശതമാനം ടെന്‍ഡര്‍ എക്‌സസ് നല്‍കിയതെന്നും അഴിമതിയല്ലാതെ ഇതിന് പിന്നില്‍ എന്തായിരുന്നെന്നും വി ഡി സതീശന്‍ ചോദിക്കുന്നു.

എ.ഐ ക്യാമറ ഇടപാടിനും കെ ഫോണ്‍ പദ്ധതിക്കും പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുണ്ട്. വളരെ വേഗത്തില്‍ തീര്‍ക്കേണ്ട പദ്ധതിയായത് കൊണ്ട് 50 ശതമാനം ടെന്‍ഡര്‍ എക്‌സസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത് ശിവശങ്കറാണ്. സൗജന്യ ഇന്റര്‍നെറ്റ് സാധാരണക്കാരന്റെ അവകാശമാണെന്ന് പറഞ്ഞാണ് കെ ഫോണ്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നിട്ടും ആറ് വര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തിയായിട്ടില്ലെന്നും പദ്ധതി നടപ്പാക്കുകയല്ല ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും അഴിമതി പണം കൈക്കലാക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.