കോഴിക്കോട്: പാണക്കാട് കുടുംബത്തെ അവഗണിക്കുകയും അവര്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതില്‍ അതൃപ്തിയുമായി ഒരു വിഭാഗം. പരസ്യമായി ഇക്കാര്യത്തില്‍ രംഗത്തുവരുന്നില്ലെങ്കിലും പാണക്കാട് കുടുംബത്തോട് അടുത്ത കാലത്തായി സമസ്തയില്‍ നിന്നുണ്ടാകുന്ന നീക്കങ്ങളില്‍ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട്. മുമ്പെല്ലാം സമസ്തയിലോ ലീഗിലോ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും അന്തിമ തീരുമാനം പാണക്കാട് നിന്നായിരുന്നു. എന്നാല്‍ ഇന്ന് അത് അനുവദിച്ചുകൊടുക്കുന്നില്ലെന്ന് മാത്രമല്ല കിട്ടുന്ന അവസരങ്ങളിലെല്ലാം പാണക്കാട് കുടുംബത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിക്കുകയുമാണ് സമസ്ത ചെയ്യുന്നത്.
കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളെജസ് (സി ഐ സി) ജനറല്‍ സെക്രട്ടറി ഹബീബുല്ല ഫൈസിയെ നിയോഗിച്ചതിന് എതിരെ സമസ്ത പരസ്യമായി രംഗത്തെത്തിയതോടെയാണ് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിക്ക് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. സി ഐ സിയുടെ ഭാരവാഹിത്വത്തില്‍ നിന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചതിന് ശേഷം നിരവധി സഹഭാരവാഹികളും രാജിവെച്ചിരിക്കുകയാണ്. ഇതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എടുത്ത തീരുമാനം പൊതുസമൂഹത്തില്‍ പരിഹാസ്യവുമായി മാറിയിരിക്കുകയാണ്.
നേതൃത്വവുമായി കൂടിയാലോചന നടത്താതെയാണ് ഹബീബുല്ലയെ ജനറല്‍ സെക്രട്ടറിയായി നിയോഗിച്ചതെന്നാണ് സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് കഴിഞ്ഞ ആരോപിച്ചത്. സാധാരണ പാണക്കാട് കുടുംബനേതൃത്വം എടുക്കുന്ന തീരുമാനം വിയോജിപ്പുണ്ടെങ്കില്‍ പോലും അംഗീകരിക്കുന്ന രീതിയാണ് സമസ്ത സ്വീകരിച്ചിരുന്നത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ് സി ഐ സി വിഷയത്തില്‍ സമസ്ത ഇപ്പേള്‍ സ്വീകരിച്ചത്. സാദിഖലി തങ്ങളുടെ തീരുമാനത്തെ ഒരു നിലക്കും അംഗീകരിക്കില്ലെന്ന പരസ്യ നിലപാട് സ്വീകരിക്കുന്നത് മുസ്ലിം ലീഗിനെ അടക്കം ഞെട്ടിച്ചിട്ടുണ്ട്. പ്രശ്‌നം സമസ്തയിലാണെങ്കിലും ഇതിന്റെ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മുസ്ലിം ലീഗിനെ ആയിരിക്കും. സമസ്തക്ക് പോലും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അംഗീകരിക്കാനാകുന്നില്ലെന്ന പൊതുധാരണയിലേക്കാണ് ഈ വിവാദം എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സമസ്തയിലെ ഒരു വിഭാഗവും അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരി നേതൃത്വം നല്‍കുന്ന സി ഐ സി വാഫിവഫിയ്യ സംവിധാനവുമായി തര്‍ക്കങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഇടയിലാണ് ഹക്കീം ഫൈസിയോട് സി ഐ സി നേതൃത്വത്തില്‍ നിന്ന് രാജിവെക്കാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍ദ്ദേശിച്ചത്. ഹക്കീം ഫൈസിക്ക് പകരം ഹബീബുല്ല ഫൈസിയെ സി ഐ സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സാദിഖലി ശിഹാബ് നിയോഗിക്കുകയും ചെയ്തു. ഈ തീരുമാനം പുറത്തുവന്ന ഉടന്‍ തന്നെ സമസ്ത നേതൃത്വം ഇതിനെതിരെ രംഗത്തുവരികയായിരുന്നു. സമസ്തയുടെ നീക്കം മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവി കൂടി വഹിക്കുന്ന സാദിഖലി ശിഹാബ് തങ്ങള്‍ക്കും അതുവഴി ലീഗിനും ഉണ്ടാക്കുന്ന തലവേദന ചെറുതായിരിക്കില്ല.