കോഴിക്കോട്: സ്വതന്ത്ര സമര സേനാനിയും ധീര രക്തസാക്ഷിയുമായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി വാരിയന്‍ കുന്നന്റെ കുടുംബം ചക്കിപറമ്പന്‍ നിര്‍മ്മിച്ച ‘മലബാര്‍ സിംഹം വാരിയന്‍ കുന്നന്’ ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങി. ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം സംവിധായകന് ഫൈസല്‍ ഹുസൈന് ആണ് ചിത്രം അണിയിച്ചൊരിക്കിയിരിക്കുന്നത്. സത്യസന്ധമായ ചരിത്രരേഖയുടെ ചരിത്ര പണ്ഡിതരുടെ പിന്തുണയോട് കൂടിയാണ് ഈ ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിട്ടുള്ളതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.
ഗ്രന്ഥകാരനും ചരിത്രം ഗവേഷകനുമായ ജാഫര്‍ ഈരാറ്റുപേട്ടയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ഷോര്‍ട്ട് ഫിലിം പ്രഖ്യാപിച്ചത് മുതല്‍ രൂക്ഷമായ സൈബര്‍ ആക്രമണവും ഭീഷണിയും നേരിടേണ്ടി വന്നു എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രബീഷ് ലിന്‍സി ആണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.സിബു സുകുമാരനാണ് സംഗീത സംവിധാനം .ഗാനം ബാപ്പു വാവാട്. സിനിമ നാടക നടന് കുമാര്‍ സുനിലാണ് വാരിയന്‍കുന്നനായി ചിത്രത്തില്‍ വേഷമിടുന്നത്. നൂറോളം കലാകാരന്മാര് ഭാഗമായ ചിത്രം വയനാട്, ആനക്കാംപൊയില്‍, പൊറ്റശ്ശേരി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. യൂട്യൂബ് ചാനല്‍ ആയ ഓറഞ്ച് മീഡിയയാണ് ചിത്രം പ്രേക്ഷകരില്‍ എത്തിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന് ഫൈസല്‍ ഹുസൈന്,ഗാന രചയിതാവ് ബാപ്പു വാവാട്,പ്രൊഫ. രാജശേഖര്‍,സുഹാസ് ലാംഡ,റിഷാദ് മുഹമ്മദ്,മുക്കം വിജയന്,അക്കു അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.