പ്ലസ് ടു അധ്യാപകര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ പ്രതികാര ബുദ്ധിയോടെ: എ എച്ച് എച്ച് എസ് ടി എ

Thiruvananthapuram

തിരുവനന്തപുരം: പ്ലസ് ടു അധ്യാപകര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന ശിക്ഷാനടപടികള്‍ പ്രതികാരബുദ്ധിയോടെയുള്ളതാണെന്ന് എ എച്ച് എച്ച് എസ് ടി എ. മികവിന്റെ പേര് പറഞ്ഞ് ഹയര്‍ സെക്കന്‍ഡറിയെ ഹൈസ്‌കൂളുമായി ലയിപ്പിക്കുന്നതിനു വേണ്ടിയാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇനിയും പൂര്‍ണമായി പ്രസിദ്ധീകരിക്കാത്ത ഈ റിപ്പോര്‍ട്ടിനെതിരെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പ്രതിഷേധത്തിലാണ്. പ്രതിഷേധ സമരങ്ങളിലെ അധ്യാപക പങ്കാളിത്തത്തില്‍ വിറളി പൂണ്ടാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്കെതിരെ പ്രതികാരനടപടികളില്‍ സ്വീകരിക്കുന്നത്.

+2 പരീക്ഷാ മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നിസ്സാരമായ തെറ്റുകള്‍ക്ക് പോലും കൃത്യമായി നടപടിക്രമങ്ങള്‍ പാലിച്ചു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതിന് പകരം തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ +2 പരീക്ഷക്ക് ഹാള്‍ടിക്കറ്റ് മറന്ന വിദ്യാര്‍ത്ഥിക്ക് ചീഫ് എക്‌സാമിനറായ പ്രിന്‍സിപ്പാള്‍ തെറ്റായ സ്ലിപ്പ് നല്‍കിയതിനാല്‍ അത് രജിസ്റ്റര്‍ നമ്പര്‍ തെറ്റായി എഴുതിയതിനാല്‍ മലപ്പുറം ജില്ലയിലുള്ള ഒരു അധ്യാപികയോട് മെയ് അഞ്ചിന് തിരുവനന്തപുരത്ത് എത്താനാണ് ആവശ്യപ്പെട്ടത്. നടപടിക്രമങ്ങള്‍ പാലിക്കാതെ ഇമെയിലിലൂടെയാണ്
ഇതിനുള്ള അറിയിപ്പ് അയച്ചത്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മാത്രമാണ് എന്തിനാണ് തന്നെ വിളിപ്പിച്ചത് എന്നത് അധ്യാപികയെ അറിയിച്ചത് എന്നത് ശ്രദ്ധേയമാണ്. ഹാള്‍ടിക്കറ്റ് മറന്ന വിദ്യാര്‍ത്ഥിക്ക് തെറ്റായ സ്ലിപ്പ് നല്‍കി പരീക്ഷ എഴുതാന്‍ അനുവാദം കൊടുത്തത് എവിടെയും പരാമര്‍ശിക്കാതെ കൃത്യമായി ജോലി ചെയ്ത അധ്യാപികയെ തിരുവനന്തപുരത്ത് വിളിച്ചു വരുത്തിയ ഇത്തരം നടപടി ഭരണപക്ഷ സംഘടനയ്ക്ക് മുതലെടുപ്പ് നടത്താന്‍ വേണ്ടിയാണെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. 2021 മാര്‍ച്ചില്‍ നടന്ന +2പരീക്ഷയില്‍ പുനര്‍ മൂല്യനിര്‍ണയത്തില്‍ കുട്ടിയുടെ പേപ്പര്‍ ചീഫ് എക്‌സാമിനര്‍ ആയ അധ്യാപിക മൂല്യനിര്‍ണയം നടത്താതിരുന്നിട്ടും കൂടി പതിനായിരം രൂപ പിഴയീടാക്കുന്ന അവസ്ഥയാണു വന്നിട്ടുള്ളത്.

എന്നാല്‍ 2021 മാര്‍ച്ച് നടന്ന എസ് എസ് എല്‍ സി പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് വ്യത്യാസം വന്നപ്പോള്‍ അധ്യാപകരെ മൂന്ന് വര്‍ഷത്തേക്ക് ടാബുലേഷന്‍ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന സമീപനമാണ് ഉണ്ടായത്. കുട്ടികളുടെ ഭാഗത്തുനിന്നും വരുന്ന നിസ്സാരമായ തെറ്റുകള്‍ക്ക് കുട്ടിയുടെ മാര്‍ക്കിനെയോ, റിസള്‍ട്ടിനെയോ ബാധിക്കാത്തവ പോലും അധ്യാപകന്റെ ശ്രദ്ധക്കുറവ് എന്നു പറഞ്ഞുകൊണ്ട് ഇന്‍ക്രിമെന്റ്തടയുക, ഭീമമായ പിഴ ഈടാക്കുക, സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുക എന്നിങ്ങനെ പ്രതികാര ബുദ്ധിയോടെയുള്ള നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നത്.

പുനര്‍ മൂല്യനിര്‍ണയം ഇല്ലാത്ത പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ക്ക് കുറവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥി പരാതിപ്പെട്ടാല്‍ കുട്ടിയുടെ ആന്‍സര്‍ പേപ്പര്‍ വിശദമായി പരിശോധിക്കാതെ പരീക്ഷ നടത്തിയ അധ്യാപകനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു എക്‌സ്പ്ലനേഷന്‍ എഴുതി വാങ്ങുകയാണ്. ഈ ഒരു നടപടി അധ്യാപകരെ പരമാവധി ദ്രോഹിക്കുന്നതിനു വേണ്ടിയിട്ടുളള പ്രതികാരം നടപടിയുടെ ഭാഗമാണ്.
വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ നടത്തുന്ന ക്രമക്കേടുകള്‍ അധ്യാപകന്‍ കണ്ടുപിടിച്ചാലും റിപ്പോര്‍ട്ട് ചെയ്താലും പരീക്ഷ ഡ്യൂട്ടിയിലുള്ള ഇന്‍വിജുലേറ്ററും, ഡെപ്യൂട്ടിയും, ചീഫും കുട്ടിയുടെയും രക്ഷിതാവിന്റെയും ഒപ്പം ഹാജരാകണമെന്ന വിചിത്രമായ ഉത്തരവും അധ്യാപകരെ പീഢിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് അധ്യാപകര്‍ ആരോപിക്കുന്നു.

ഹയര്‍സെക്കന്‍ഡറി അധ്യാപകരെ പീഢിപ്പിക്കുന്നതിന് വേണ്ടി പ്രതികാര ബുദ്ധിയോടെ ഇത്തരത്തിലുള്ള നടപടികള്‍ തുടര്‍ന്നാല്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് അസോസിയേഷന്‍ (AHSTA) സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്‍ അരുണ്‍ കുമാര്‍, ജനറല്‍ സെക്രട്ടറി എസ് മനോജ്, ട്രഷറര്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.