താനൂരില്‍ ബോട്ട് ദുരന്തം; മരണം 15 ആയി

Kerala

പരപ്പനങ്ങാടി: താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍ തീരത്ത് യാത്ര ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം പതിന ഞ്ചായി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വൈകീട്ട് ഏഴ് മണിക്കും 7.40നും ഇടയിലാണ് അപകടം നടന്നത്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു.

ബോട്ട് തലകീഴായ മറിയുകയായിരുന്നു എന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ പറയുന്നു. കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് അപകടം നടന്നതെന്നും ഇയാള്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളും ദ്രുതകര്‍മസേന അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയോഗിച്ചു.

ബോട്ടില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു എന്ന് പറയുന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. മരിച്ചവരുടെ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളു.