ക്ഷണിച്ചുവരുത്തിയ അപകടം; അധികൃതരുടെ വീഴ്ച നഷ്ടമാക്കിയത് 22 ജീവനുകള്‍

Kerala

മലപ്പുറം: താനൂരിലെ ബോട്ട് അപകടം ക്ഷണിച്ചുവരുത്തിയ ദുരന്തം. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ ബോട്ട് സര്‍വിസ് നടന്നത്. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തി വിനോദ യാത്രക്ക് ഉപയോഗിക്കുകയായിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം വിനോദയാത്രക്ക് ബോട്ട് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ അപകടം നടന്ന ഇന്നലെ ഈ ബോട്ട് സര്‍വിസ് തുടങ്ങിയത് തന്നെ 6.40നാണ്. ബോട്ടുകളുടെ നിയമലംഘനം പരിശോധിക്കാനോ സുരക്ഷയ്‌ക്കോ ഇവിടെ സംവിധാനവുമില്ല.

പെരുന്നാള്‍ ദിനത്തില്‍ ഇവിടെ ബോട്ടുകള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സര്‍വിസ് നിര്‍ത്തിവെപ്പിക്കുകയും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലെന്നും ബോട്ടുകള്‍ സര്‍വിസ് നടത്തുകയായിരുന്നെന്നും വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നു. ഇവിടെ ബോട്ടുകാരുടെ നിയമലംഘനത്തിനെതിരെ പൊലീസിലും സ്‌പെഷ്യല്‍ ബ്രാഞ്ചിലും ഡി ടി പി സിക്കും പരാതി നല്‍കിയിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നുണ്ട്. എന്നാല്‍ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മാത്രവുമല്ല ഇവിടെ ബോട്ടുകാര്‍ ചേര്‍ന്ന് പുഴയുടെ ആഴം കൂട്ടിയെന്നും പരാതിയുണ്ട്. ജെ സി ബി ഉപയോഗിച്ചാണ് പുഴക്ക് ആഴം കൂട്ടിയത്.

മത്സ്യ ബന്ധന യാര്‍ഡില്‍ പോയി ബോട്ടിന് മാറ്റം വരുത്തിയതാണെന്നാണ് സൂചന. ഇത്തരം ബോട്ടുകള്‍ക്ക് വിനോദസഞ്ചാരത്തിന് ലൈസന്‍സ് കൊടുക്കാറില്ലെന്നിരിക്കെ അപകത്തില്‍ പെട്ട അറ്റ്‌ലാന്റിക്കിന് എങ്ങനെ ലഭിച്ചുവെന്നാണ് അന്വേഷിക്കപ്പെടേണ്ടത്. ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. താനൂര്‍ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉള്‍പ്പെടെ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.