തക്കാളി വില കിതച്ചപ്പോള്‍ ഉള്ളി കുതിക്കുന്നു; കയറ്റുമതിക്ക് നികുതി കൂട്ടി കേന്ദ്രം

India Kerala

ന്യുദല്‍ഹി/തിരുവനന്തപുരം: തക്കാളി വിലയില്‍ കുറവ് വരാന്‍ തുടങ്ങിയതിന് പിന്നാലെ ഉള്ളി വില കുതിക്കാന്‍ തുടങ്ങിയത് അടുക്കളകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പായി. ഇത് മുന്നില്‍ കണ്ട് ഉള്ളിയുടെ കയറ്റുമതിക്ക് 40 ശതമാനം നികുതി ഏര്‍പ്പെടുത്തി വില നിയന്ത്രണത്തിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങി. ഡിസംബര്‍ 31 വരെയുള്ള ഉള്ളിയുടെ കയറ്റുമതിയിലാണ് 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി തുടര്‍ച്ചയായി ഉള്ളി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ധനമന്ത്രാലയം നിയന്ത്രണ നടപടികള്‍ തുടങ്ങിയത്.

കേരളത്തില്‍ ഉള്ളിക്ക് ആഴ്ചകള്‍ക്ക് മുമ്പ് ഇരുപത് രൂപവരെയായിരുന്നു വില. എന്നാല്‍ ഇത് ക്രമേള വര്‍ദ്ധിച്ച് 35 രൂപയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഉള്ളിവില ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നാണ് സൂചന. ഓണ വിപണയില്‍ ഇത്തവണ മലയാളിയെ കരയിപ്പിക്കുക ഉള്ളിയുടെ വില തന്നെയായിരിക്കും. ചെറിയ ഉള്ളിക്ക് നേരത്തെ വന്‍ വില വന്നിരുന്നെങ്കിലും പിന്നീട് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിപണിയില്‍ ഉള്ളിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനാ ആഗസ്റ്റ് 11 മുതല്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് സര്‍ക്കാര്‍ ഉള്ളി വിതരണത്തിന് നല്‍കി തുടങ്ങിയതെന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023-24 കാലയളവില്‍ മൂന്ന് ലക്ഷം ടണ്‍ ഉള്ളി ബഫര്‍ സ്‌റ്റോക്കായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2022-23ല്‍ സര്‍ക്കാര്‍ 2.51 ലക്ഷം ടണ്‍ ഉള്ളി ബഫര്‍ സ്‌റ്റോക്കായി നിലനിര്‍ത്തിയിരുന്നു. ഈ സ്റ്റോക്കില്‍ നിന്ന് ദേശീയതലത്തിലെ ശരാശരിയേക്കാള്‍ ഉയര്‍ന്ന വിലനിലവാരമുള്ള സംസ്ഥാനങ്ങളിലും മേഖലകളിലും പ്രധാന കമ്പോളങ്ങളിലൂടെ കരുതല്‍ശേഖരത്തില്‍ നിന്ന് ഉള്ളി വിതരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

കരുതല്‍ ശേഖരത്തിലെ ഉള്ളി ഓണ്‍ലൈന്‍ ലേലത്തിലൂടെയോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ വിതരണം സാധ്യമാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണ് കരുതല്‍ശേഖരത്തിന്റെ വിതരണം സാധ്യമാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഈ ഏജന്‍സികള്‍ വഴി ഉള്ളിയുടെ വിതരണം കാര്യക്ഷമമായി നടത്തുകയാണ് ലക്ഷ്യം.