യു എ ഇയിലെ ബാങ്കുകളില്‍ വ്യാജ രേഖകള്‍ കണ്ടെത്താന്‍ പുതിയ പദ്ധതി

Gulf News GCC

ദുബൈ: യു എ ഇയിലെ ബാങ്കുകളില്‍ വ്യാജ രേഖകള്‍ കണ്ടെത്താന്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചതായി യു എ ഇ ബാങ്ക് ഫെഡറേഷന്‍ ഡയറക്ടര്‍ ജനറല്‍ ജമാല്‍ സാലിഹ് പറഞ്ഞു. ഈ സംവിധാനം വഴി ചില ക്രമക്കേടുകള്‍ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. 2023 ലെ അസോസിയേഷന്‍ ഓഫ് സര്‍ട്ടിഫൈഡ് ഫ്രോഡ് എക്‌സാമിനേഴ്‌സ് (ACFE) ഫ്രോഡ് കോണ്‍ഫറന്‍സ് മിഡില്‍ ഈസ്റ്റില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബാങ്കിന്റെ മുമ്പില്‍ വരുന്ന രേഖകള്‍ യഥാര്‍ത്ഥമാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ ഒരു നെറ്റ്‌വര്‍ക്ക് സൃഷ്ടിച്ചിട്ടുണ്ട്. വസ്തുക്കളും കമ്പനികളും മറ്റും വില്‍ക്കാന്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം. വെല്ലുവിളികളെ നേരിടാന്‍ നിയമനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ വളരെ സജീവമായി യു എ ഇ സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് തങ്ങള്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും സാലിഹ് കൂട്ടിച്ചേര്‍ത്തു.