വളാഞ്ചേരി മര്‍ക്കസിലെത്തിയ എം ടി അബ്ദുല്ല മുസ്ലിയാരടക്കമുള്ള സമസ്ത നേതാക്കളെ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു
കോഴിക്കോട്: സമസ്തയും മുസ്ലിം ലീഗും സി ഐ സിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കം തെരുവിലേക്ക് നീങ്ങുന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും പാണക്കാട് സാദിഖലി തങ്ങളും തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വളാഞ്ചേരിയില്‍ പ്രതിഷേധം ഉയര്‍ന്നത്. സമസ്തയുടെ മുശാവറ അംഗം എം ടി അബ്ദുല്ല മുസ്ലിയാരെ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്തു.
സമസ്തയുടെ വളാഞ്ചേരി മര്‍ക്കസിന് കീഴിലുള്ള വാഫി വാഫിയ്യ സിലബസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. വാഫി വാഫിയ്യ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് എം ടി അബ്ദുല്ല മുസ്ലിയാര്‍ അടക്കമുള്ള സമസ്ത നേതാക്കളെ തടഞ്ഞത്.

ഇന്നലെ വളാഞ്ചേരി മര്‍ക്കസില്‍ സമസ്ത നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വാഫി വാഫിയ്യ കോഴ്‌സുകള്‍ നിര്‍ത്തലാക്കാനും സമസ്തയുടെ പുതിയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനും തീരുമാനിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. വളാഞ്ചേരി മര്‍ക്കസ് സമസ്തയുടെ സ്ഥാപനമാണെന്നും സമസ്തയുടെ തീരുമാനം അനുസരിച്ചാണ് വാഫി വാഫിയ്യ കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നതെന്നും എം ടി അബ്ദുല്ല മുസ്ലിയാര്‍ നിലപാടെടുത്തതോടെയാണ് ഒരുസംഘം ക്ഷുഭിതരായി രംഗത്തുവന്നത്. വണ്ടിയില്‍ കയറി സ്ഥലം വിടാന്‍ നോക്കിയ നേതാക്കളെ തടഞ്ഞുവെക്കുകയും വിഷയത്തില്‍ തീരുമാനം ഉണ്ടാക്കിയതിന് ശേഷം പോയാല്‍ മതിയെന്ന് പറഞ്ഞ് ഗേറ്റ് പൂട്ടുകയും ചെയ്തു.
മുന്‍ സി ഐ സി ജനറല്‍ സെക്രട്ടറി ഹക്കിം ഫൈസി ആദൃശ്ശേരിയാണ് വളാഞ്ചേരി മര്‍ക്കസിന് കീഴിലുള്ള വാഫി വാഫിയ്യ കോളെജുകളുടെ പ്രിന്‍സിപ്പല്‍. ഇതു തന്നെയാണ് സമസ്തയ്ക്ക് ഈ കോഴ്‌സിനോടുള്ള അതൃപ്തിക്ക് കാരണം. വാഫി വാഫിയ്യ രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ വളാഞ്ചേരി മര്‍ക്കസിലെത്തിയ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം കോളെജിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞിരുന്നു. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിലും താത്ക്കാലികമായി ഒരുക്കിയ സ്ഥലങ്ങളിലുമായാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഇതിന്റെ തുടര്‍ച്ചകൂടെയാണ് പ്രതിഷേധം.
സമസ്തയും ലീഗും പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറയുമ്പോള്‍ തന്നെയാണ് കോഴ്‌സുകള്‍ നിര്‍ത്തലും പ്രതിഷേധിക്കലുമെല്ലാം അരങ്ങേറുന്നത്.