അണുകവിതകള്‍ രണ്ടായിരം: ചരിത്രത്തിലേക്ക് സോഹന്‍ റോയ്

News

കൊച്ചി: രണ്ടായിരം അണുകവിതകള്‍ തുടര്‍ച്ചയായി എഴുതി, മലയാള കാവ്യ ചരിത്രത്തില്‍ പുതിയൊരു ഏട് എഴുതിച്ചേര്‍ക്കുകയാണ് പ്രശസ്ത കവി സോഹന്‍ റോയ്. രണ്ടായിരത്തിപ്പതിനെട്ട് ജനുവരിയില്‍ തുടക്കം കുറിച്ച അദ്ദേഹത്തിന്റെ ദൈനം ദിന അണുകാവ്യ രചന 2000 തികഞ്ഞിരിക്കുകയാണ്. ഇതോടെ ലോക റെക്കോര്‍ഡില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഏരീസ് ഗ്രൂപ്പിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുബായില്‍ നടന്ന ചടങ്ങില്‍ ടൈം വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധികള്‍ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് സര്‍. സോഹന്‍ റോയിക്ക് കൈമാറി.

കവിതാ രൂപത്തില്‍ ഉള്ള വരികള്‍, സംഗീതം ചെയ്യിപ്പിച്ചെടൂത്ത്, ഓര്‍ക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോള്‍ത്തന്നെ വീഡിയോരൂപത്തിലാക്കി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിലധികമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ, അതാത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചുപോന്നിരുന്ന ‘അണുകാവ്യം ‘ എന്ന് പേരിട്ട നാലുവരിക്കവിതകളാണ് ഇപ്പോള്‍ രണ്ടായിരം എണ്ണം തികഞ്ഞിരിക്കുന്നത്. ഈ ‘അണുകാവ്യ’ വീഡിയോകളിലൂടെ കണ്ണോടിച്ചാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ പ്രധാന സംഭവങ്ങള്‍ ഒന്നൊന്നായി ആര്‍ക്കും ഓര്‍ത്തെടുക്കാന്‍ സാധിക്കും എന്ന ഒരു വലിയ പ്രത്യേകത കൂടി ഇതിനുണ്ട്.

ആദ്യകാലത്തെഴുതിയ നൂറ്റി ഇരുപത്തിയഞ്ച് കവിതകള്‍ ഡിസി ബുക്‌സ് ‘അണുകാവ്യം’ എന്ന പേരില്‍ ഇവ ഒരു പുസ്തകമായി പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. പിന്നീട് അറുനൂറ്റിയൊന്ന് കവിതകളും പൂര്‍ത്തിയായപ്പോള്‍, അവ ‘അണുമഹാകാവ്യം 601 ‘ എന്ന പേരില്‍ സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തിരുന്നു. സൂര്യ കൃഷ്ണമൂര്‍ത്തി, മുരുകന്‍ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രന്‍ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായശ്രീകുമാരന്‍ തമ്പിയാണ് പുസ്തകം ഏറ്റു വാങ്ങിയത്. തുടര്‍ന്ന്, ഏഴാം നൂറ്റാണ്ടിലെ മഹാകാവ്യരചനയുടെ നിയമാവലികളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന ആയിരത്തൊന്ന് ചെറുകാവ്യങ്ങള്‍ അടങ്ങിയ ‘അണുമഹാകാവ്യം ‘ എന്ന ഗ്രന്ഥവും അദ്ദേഹം എഴുതുകയുണ്ടായി.

പ്രണയം, സാമൂഹ്യവിമര്‍ശനം, രാഷ്ട്രീയം, ആക്ഷേപഹാസ്യം, ദാര്‍ശനികം, വയ്യക്തികം വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം എന്നിങ്ങനെ മനുഷ്യ ജീവിതം അഭിമുഖീകരിക്കുന്ന വിവിധ നാള്‍വഴികള്‍ അടയാളപ്പെടുത്തിയ ഈ സമാഹാരം, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പ്രകാശനം ചെയ്തത്.

ആയിരത്തിയൊന്ന് ദിവസങ്ങള്‍ തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ ദൃശ്യാവിഷ്‌കാരത്തോടെ പങ്കു വയ്ക്കപ്പെട്ടതിനുള്ള വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരവും അദ്ദേഹത്തിന്റെ അണുകാവ്യരചന കരസ്ഥമാക്കിയിട്ടുണ്ട്.

സലിം കുമാര്‍ സംവിധാനം ചെയ്ത കറുത്ത ജൂതന്‍, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകള്‍ക്കുവേണ്ടി സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകന്‍ ബി ആര്‍ ബിജുറാം ആണ് സോഹന്‍ റോയിയുടെ വരികള്‍ക്ക് സംഗീത സംവിധാനവും ഓര്‍ക്കസ്‌റ്റേഷനും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത്.