സൗദി/കോഴിക്കോട്: സൗദിയില്‍ ഞായറാഴ്ച മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ അറഫ ദിനം ജൂണ്‍ 27നും പെരുന്നാള്‍ 28നും ആയിരിക്കുമെന്ന് സൗദി ഔദ്യോഗികമായി അറിയിച്ചു. ഒഒമാനിലും ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ മാസപ്പിറവിയുടെ കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ലെങ്കിലും സൗദിയുടെ തീരുമാനം അംഗീകരിച്ച് ജൂണ്‍ 27ന് അറഫ ദിനവും 28ന് പെരുന്നാളും ആഘോഷിക്കാനാണ് സാധ്യത.
അതേസമയം കേരളത്തില്‍ ഞായറാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ അറഫ ദിനം ജൂണ്‍ 28നും പെരുന്നാള്‍ 29നും ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. ദുല്‍ഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഖഅ്ദ് 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി. പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
ദുല്‍ഹിജ്ജ മാസപ്പിറവി കേരളത്തില്‍ എവിടെയും ദൃശ്യമാവാത്തതിനാല്‍ വലിയ പെരുന്നാള്‍ ജൂണ്‍ 29നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദലി ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലീയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വി പി സുഹൈബ് മൗലവി എന്നിവരും അറിയിച്ചു.