ശമ്പളം 1500 ദിര്‍ഹത്തില്‍ കുറവെങ്കില്‍ താമസ സൗകര്യം കമ്പനി നല്‍കണം: യു എ ഇ

Gulf News GCC

അബുദാബി: ശമ്പളം 1500 ദിര്‍ഹത്തില്‍ കുറവാണെങ്കില്‍ യു എ ഇയില്‍ തൊഴിലാളികള്‍ക്ക് കമ്പനി തന്നെ സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. അമ്പതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള കമ്പനികള്‍ നിര്‍ബന്ധമായും ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

യു എ ഇയില്‍ തൊഴില്‍ നിയമം അനുസരിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയതും നിലവാരമുള്ളതും ആയിരിക്കണം താമസ കേന്ദ്രം. ജോലിസ്ഥലത്തും താമസ സ്ഥലത്തും ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കണം. 500ല്‍ താഴെ തൊഴിലാളികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരവും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തും.

നൂറോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന നിര്‍മാണ കമ്പനിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. തൊഴിലിന്റെ അപകട സാധ്യതകളും അവയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും ജോലി സ്വീകരിക്കുന്നതിന് മുന്‍പ് തൊഴിലാളികളെ ബോധ്യപ്പെടുത്തണം. നിര്‍ദേശങ്ങള്‍ അറബിക്ക് പുറമേ തൊഴിലാളികള്‍ക്ക് മനസ്സിലാകുന്ന മറ്റൊരു ഭാഷയിലും നല്‍കണം.

ജോലി, താമസ സ്ഥലങ്ങളിലെ പ്രഥമ ശുശ്രൂഷ കിറ്റില്‍ (ഫസ്റ്റ് എയ്ഡ് ബോക്‌സില്‍) അത്യാവശ്യ മരുന്നുകളും ഉണ്ടാകണം. അപകടത്തില്‍ പെടുന്ന തൊഴിലാളികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ അറിയാവുന്നവരും കമ്പനിയില്‍ ഉണ്ടാകണം. തൊഴിലാളി താമസ കേന്ദ്രങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശമുണ്ട്.