ഇടതു മുന്നണി പാലായുടെ വികസനം തടസ്സപ്പെടുത്തുന്നു: മാണി സി

Kottayam

കാപ്പന്‍കടവുപുഴ പാലത്തോടു സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നും ആകെയുള്ള 5 കോടി ആസ്തി വികസന ഫണ്ടില്‍ നിന്നും 4 കോടിയും പാലത്തിന് അനുവദിച്ചതായും മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു

പാലാ: പാലാ നിയോജകമണ്ഡലത്തില്‍പ്പെട്ട മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ 2021 ല്‍ ഉണ്ടായ അതിതീവ്രമഴയില്‍ തകര്‍ന്ന കടവുപുഴ പാലം പുനര്‍നിര്‍മ്മിക്കുന്നതിന് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല് കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പന്‍ എം എല്‍ എ പത്രസമ്മേളനത്തില്‍ അറിയിച്ചു. എം എല്‍ എ യ്ക്കു ഒരു വര്‍ഷം ലഭ്യമായ ആകെയുള്ള അഞ്ചു കോടി രൂപയില്‍ നിന്നും നാല് കോടി രൂപയും ഇതിനായി മാത്രം മാറ്റി വയ്ക്കുകയാണെന്നു എം എല്‍ എ പറഞ്ഞു.

പ്രകൃതിക്ഷോഭം ഉണ്ടായശേഷം നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. 2021 ഒക്ടോബര്‍ 16നാണ് മലവെള്ളപാച്ചിലില്‍ കടവുപുഴ പാലം തകര്‍ന്നത്. ഇതിനുശേഷം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തി നാശനഷ്ടത്തിന്റെ കണക്ക് സര്‍ക്കാരിന് നല്‍കിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി പാലം പുനര്‍നിര്‍മ്മിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് എം എല്‍ എ മുഖേന ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നു എം എല്‍ എ കുറ്റപ്പെടുത്തി. മലയോര പിന്നോക്ക പട്ടികജാതി പട്ടികവര്‍ഗ്ഗ ഭൂരിപക്ഷമേഖലയായ മൂന്നിലവില്‍ മേല്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേകഫണ്ട് വിനിയോഗിച്ച് പാലം പുനര്‍നിര്‍മ്മിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് താന്‍ അവശ്യപ്പെട്ടിരുന്നതായി എം എല്‍ എ ചൂണ്ടിക്കാട്ടി. ജില്ലയുടെ ചാര്‍ജുള്ള മന്ത്രി വി എന്‍ വാസവന്‍ സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന ഫണ്ടില്‍ നിന്നും പാലം പണിയുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.

ഇതിനിടെ 2022 ജൂലൈ 31 ന് ഉണ്ടായ പ്രളയത്തില്‍ പാലം പൂര്‍ണ്ണമായും തകര്‍ന്നു. ഇതോടെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ 25 കിലോമീറ്റര്‍ അധികം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലായി. ഇത് ഇപ്പോഴും തുടരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പാലം നിര്‍മ്മാണത്തിന് 5 കോടി രൂപ അനുവദിക്കണമെന്ന് ബജറ്റ് നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തുകയും ബജറ്റ് ചര്‍ച്ചാ വേളയില്‍ വിഷയം അവതരിപ്പിക്കുകയും ചെയ്‌തെങ്കിലും സര്‍ക്കാര്‍ യാതൊരു നടപടി സ്വീകരിച്ചില്ലെന്ന് കാപ്പന്‍ കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരി 23 ലെ മോനിട്ടറിംഗ് കമ്മിറ്റി യോഗ ശേഷം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് കരട് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. എന്നാല്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഇടപെടല്‍ മൂലം അപ്രോച്ച് റോഡ് ലഭിക്കില്ലായെന്ന ബോധ്യത്താല്‍ 202122 ലെ ബഡ്ജറ്റില്‍ ചില്ലച്ചി പാലത്തിന് അനുവദിച്ച 3.68 കോടി രൂപയും തലനാട് തീക്കോയി റോഡിന് അനുവദിച്ച തുകയില്‍ മിച്ചം വന്ന തുകയില്‍ നിന്ന് ആവശ്യമായ ഫണ്ടും കടവുപുഴ പാലം നിര്‍മ്മാണത്തിനായി വിനിയോഗിക്കണമെന്ന് മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസ്സാക്കുകയും തന്റെ നിര്‍ദ്ദേശപ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ്മന്ത്രി, ധനകാര്യവകുപ്പ് മന്ത്രി എന്നിവരെ നേരില്‍ ദുരിത സാഹചര്യം വിശദീകരിക്കുകയും ചെയ്തിരുന്നു. പ്രശ്‌നം പരിഗണിക്കാമെന്ന് മന്ത്രിമാര്‍ വാഗ്ദാനം നല്‍കിയിരുന്നു. തുടര്‍ന്ന് ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയെന്നു മാര്‍ച്ച് 24ന് പൊതുമരാമത്ത് വകുപ്പ് രേഖാമൂലം മറുപടി നല്‍കിയിരുന്നു.തുടര്‍ന്ന് ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ചീഫ് എന്‍ജിനിയറോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പാലം പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതായതിനാല്‍ പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് ബഡ്ജറ്റില്‍ തുക വകയിരുത്തിയ ശേഷമേ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്ന മറുപടിയാണ് അടിയന്തിരപ്രാധാന്യമുള്ള ഈ വിഷയത്തില്‍ പിന്നീട് സര്‍ക്കാരില്‍ നിന്നും ലഭിച്ചതെന്നും എം എല്‍ എ പറഞ്ഞു.

വികസനം നഗര കേന്ദ്രീകൃതമോ വ്യക്തി കേന്ദ്രീകൃതമോ ആകാതെ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും ഒരു പോലെ ലഭ്യമാക്കണം എന്നതായിരുന്നു താന്‍ തുടര്‍ന്നുവന്നിരുന്ന വികസന ശൈലിയെന്ന് കാപ്പന്‍ ചൂണ്ടിക്കാട്ടി. മേഖലയോടുള്ള സര്‍ക്കാരിന്റെ തികഞ്ഞ അവഗണന തുടരുന്ന സാഹചര്യത്തിലാണ് എം എല്‍ എ ആസ്തിവികസനഫണ്ടില്‍ ആകെയുള്ള 5 കോടി രൂപയില്‍ 4 കോടി രൂപയും ഈ പാലത്തിന് അനുവദിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിന്റെ മറ്റ് ഭാഗങ്ങളില്‍ എം എല്‍ എ ഫണ്ടിന്റെ വികസനം ഉണ്ടാകരുതെന്ന ഗൂഢാലോചനയാണിതിന് പിന്നിലെന്ന് കരുതുന്നതായി എം എല്‍ എ പറഞ്ഞു.

പാലാ നിയോജകമണ്ഡത്തിലെ ഗ്രാമങ്ങളിലേയ്ക്ക് പരമാവധി വികസനം എത്തിച്ചതില്‍ ജനങ്ങള്‍ക്ക് ഉണ്ടായ സംതൃപ്തിയാണ് പൊതുതെരഞ്ഞെടുപ്പില്‍ തന്റെ ഭൂരിപക്ഷം 5 ഇരട്ടിയില്‍ അധികമായി വര്‍ദ്ധിച്ചത്. ഈ തിരിച്ചറിവാണ് ഗ്രാമങ്ങളിലേയ്ക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുവാന്‍ ചിലരെ പ്രേരിപ്പിക്കുന്ന ഘടകം. ഈ വസ്തുതകള്‍ മണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ മനസിലാക്കിക്കഴിഞ്ഞു. ഇതിലൂടെ പാലായിലെ ജനങ്ങള്‍ക്കു ലഭിക്കേണ്ട നാല് കോടി രൂപയുടെ വികസനമാണ് ഇപ്പോള്‍ തടസ്സപ്പെടുത്തിയിരിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചെറുതും വലുതുമായ 6 പ്രകൃതി ദുരന്തങ്ങള്‍ പാലാ നിയോജകമണ്ഡലത്തിലുണ്ടായി. ആശ്വാസനടപടികള്‍ ഒന്നും തന്നെ സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ചിട്ടില്ല. പാലാ നിയോജകമണ്ഡലത്തോട് നിരന്തരമായി തുടര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഈ കടുത്ത അവഗണനയ്ക്കും അനീതിയ്ക്കുമെതിരെ ബഹുജനങ്ങളെ അണിനിരത്തി യു ഡി എഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. പാലായോടുള്ള ഈ അവഗണന ജനം തിരിച്ചറിഞ്ഞ് ശക്തമായി പ്രതികരിക്കുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എല്‍ ജോസഫ്, മുന്‍ പ്രസിഡന്റ് ജോഷി ജോഷ്വാ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ശ്രീകല, മുന്‍ പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, സ്റ്റാന്‍ലി മാണി, വി എസ് ജോര്‍ജ്, മാമ്മച്ചന്‍ ഉറുപ്പാട്ട്, ടോമിച്ചന്‍ കുരിശിങ്കല്‍പറമ്പില്‍, സജീവ് പുത്തന്‍വീട്ടില്‍, പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, ടി വി ജോര്‍ജ്, എം പി കൃഷ്ണന്‍നായര്‍, പ്രസ് സെക്രട്ടറി എബി ജെ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.