നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ കരിക്കുലം പരിഷ്‌കരണത്തിലൂടെ വിദ്യാര്‍ഥി കേന്ദ്രീകൃത പഠന സമ്പ്രദായമാണ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കോട്ടയം ബി സി എം കോളജ് ഓഡിറ്റോറിയതിത്തില്‍ കരിക്കുലം പരിഷ്‌കരണത്തിന്റെ വിശദാംശങ്ങള്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ അക്കാദമിക് സമൂഹത്തോട് വിശദമാക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യ യോഗമായിരുന്നു ഇത്.
അധ്യാപകരെ കേന്ദ്രീകരിച്ചുള്ള നിലവിലെ പഠന രീതികള്‍ സംവാദാത്മകമായ തലത്തിലേക്ക് മാറേണ്ടതുണ്ട്. വിദ്യാര്‍ഥികളുടെ മൗലിക കഴിവുകളും സര്‍ഗശേഷിയും സ്വതന്ത്രമായി വികസിക്കാനുതകുന്ന സ്വയം പഠനം യാഥാര്‍ത്ഥ്യമാകുന്ന രീതിയില്‍ കോഴ്‌സുകള്‍ ചിട്ടപ്പെടുത്തണം. കൃഷി, വ്യവസായം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ ജനജീവിതവുമായി ഏറെ ബന്ധപ്പെട്ടു നില്‍ക്കുന്ന മേഖലകളിലെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും പരിഹാരം കാണാനും കെല്‍പ്പുള്ളവരായി വിദ്യാര്‍ഥികള്‍ വളരണം. അധ്യാപകരാകട്ടെ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കുന്നവരായി മാറുകയും വേണം.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലാദ്യമായി തയ്യാറാക്കിയ കരിക്കുലം ഫ്രെയിം വര്‍ക്ക് ഏറെ പ്രത്യേകതകളുള്ളതാണ്. അഭിരുചിക്കനുസരിച്ച് വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കാനും പഠന പ്രക്രിയയെ പരമാവധി സര്‍ഗാത്മകമാക്കാനുമുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ബിരുദ, ബിരുദാനന്തര തലങ്ങളിലെ സമൂല മാറ്റമാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. തൊഴില്‍, വിദ്യാഭ്യാസ മേഖലകള്‍ക്കിടയിലുള്ള നൈപുണ്യ വിടവ് പരിഹരിക്കുന്നതിനുകൂടി ലക്ഷ്യമിട്ടാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. നാലു വര്‍ഷ ബിരുദ കോഴ്‌സില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ മേഖലയിലേക്ക് പോകാനാകും.
ഗവേഷണത്തില്‍ താത്പര്യമുള്ളവര്‍ക്ക് നാലാം വര്‍ഷം തുടരാം. നാലു വര്‍ഷവും പഠിക്കുന്നവര്‍ക്ക് ഗവേഷണത്തിനും ഇന്റേണ്‍ഷിപ്പിനുമൊക്കെ പിന്തുണ ലഭിക്കും. വിദേശത്തും രാജ്യത്തും ഏറെ സര്‍വകലാശാലകള്‍ നാലു വര്‍ ബിരുദ കോഴ്‌സുകള്‍ നടത്തുന്ന സാഹചര്യത്തില്‍ നമ്മുടെ സര്‍വകലാശാലകള്‍ മൂന്നു വര്‍ഷ കോഴ്‌സുകള്‍ മാത്രം തുടരുന്നത് വിദ്യാര്‍ഥികള്‍ക്ക് പല രീതിയിലും ബുദ്ധിമുട്ട് സൃഷ്ടിക്കും. കേരളത്തിന്റെ കരിക്കുലം ഫ്രെയിം വര്‍ക്ക് ദേശീയ വിദ്യാഭ്യാസ നയരേഖയുടെ പകര്‍പ്പല്ല. ദേശീയ വിദ്യാഭ്യാസ നയരേഖ ഒന്ന്, രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് നിര്‍ത്താനുള്ള അവസരം നല്‍കുന്നുണ്ട്. ഈ ചുരുങ്ങിയ കാലം കൊണ്ട്പഠനത്തില്‍നിന്ന് ആര്‍ജ്ജിക്കാന്‍ സാധിക്കുന്നത് എന്ത് എന്ന ചോദ്യമുണ്ട്. കേരളത്തിന്റെ സാമൂഹിക കാഴ്ച്ചപ്പാടിനും ശാസ്ത്രീയ സമീപനത്തിനുമൊക്കെ പ്രാധാന്യം നല്‍കിയാണ് നമ്മുടെ കരിക്കുലം ഫ്രെയിം വര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്.
ഈ വര്‍ഷം തന്നെ പുതിയ സമ്പ്രദായത്തില്‍ ചില കോഴ്‌സുകള്‍ ആരംഭിക്കാമെന്ന് സര്‍വകലാശാലകള്‍ അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷമായിരിക്കും പൂര്‍ണതോതിയില്‍ നടപ്പാക്കുക. അക്കാദമിക് സമൂഹത്തിനും പൊതു സമൂഹത്തിനും മാറ്റത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കിയ ശേഷമേ കോഴ്‌സുകള്‍ ആരംഭിക്കുമന്ത്രി വിശദമാക്കി അടുത്ത വര്‍ഷം ജൂണ്‍ മാസത്തിനു മുന്‍പ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം. ആദ്യത്തെ രണ്ടു സെമസ്റ്ററുകളുടെ സിലബസ് ഈ വര്‍ഷം ഡിസംബറോടെ തയ്യാറാക്കണം. പുതിയ കരിക്കുലത്തിന്റെ ആശയം താഴേ തട്ടില്‍ എത്തിക്കുന്നതിനായി മാസ്റ്റര്‍ ട്രെയിനേഴ്‌സിനെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ക്രിയാത്മകമായ മാറ്റം വിജയിപ്പിക്കേണ്ടത് അക്കാദമിക് സമൂഹത്തിലെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ.ജോബ് മൈക്കിള്‍ എംഎല്‍എ, അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണന്‍, കെ.എം.സുധാകരന്‍, ഡോ. എ. ജോസ്, ഡോ. ബിജു പുഷ്പന്‍, രജിസ്ട്രാര്‍ ഡോ. ബി പ്രകാശ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത്, ബി.സി.എം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സ്‌റ്റെഫി തോമസ്, സിന്‍ഡിക്കേറ്റിലെ മറ്റംഗങ്ങള്‍, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍, പഠന ബോര്‍ഡ് അംഗങ്ങള്‍, അഫിലിയേറ്റഡ് കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ നേരിട്ടും അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകര്‍ ഓണ്‍ലൈനിലും പങ്കെടുത്തു. കരിക്കുലം പരിഷ്‌കണത്തെക്കുറിച്ച് ഡോ. വി. ഷഫീഖ് ക്ലാസെടുത്തു.