തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു ക്ഷേമനിധി രാജ്യത്ത് ആദ്യം; ഉദ്ഘാടനം 15ന് പാലക്കാട്
തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൈത്താങ്ങാകാന്‍ പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാര്‍ഥ്യത്തിലേക്ക്. രാജ്യത്തു തന്നെ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധിയാണ് സംസ്ഥാനത്തിന്റേത്. പെന്‍ഷന്‍, വിവാഹ ധനസഹായം, പഠന സഹായം ഉള്‍പ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി.
41 ലക്ഷം കുടുംബങ്ങളും 63 ലക്ഷം തൊഴിലാളികളും സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം സ്വീകരിക്കാം. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി ക്ഷേമനിധിയിലേക്ക് നല്‍കും. അടയ്ക്കുന്ന തുക തൊഴിലാളികളുടെ പെന്‍ഷനും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും.
18 വയസ് പൂര്‍ത്തിയായതും 55 വയസ് പൂര്‍ത്തിയാക്കിയിട്ടില്ലാത്തവരും അംഗത്വത്തിന് അപേക്ഷിക്കുന്ന വര്‍ഷമോ അതിനു തൊട്ടുമുമ്പുളള രണ്ടു വര്‍ഷങ്ങളിലോ ഏതെങ്കിലും ഒരു വര്‍ഷം കുറഞ്ഞത് 20 ദിവസം എങ്കിലും അവിദഗ്ദ്ധ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുളളവരുമായവര്‍ക്ക് ക്ഷേമനിധിയില്‍ അംഗങ്ങളാകാം.
60 വയസ് പൂര്‍ത്തിയായിട്ടുളളതും 60 വയസ് വരെ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുളളതുമായി അംഗങ്ങള്‍ക്ക് പെന്‍ഷന്‍,10 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് അംശദായം അടച്ചിട്ടുളള ഒരംഗം മരണപ്പെട്ടാല്‍ കുടുംബപെന്‍ഷന്‍, അസുഖം അല്ലെങ്കില്‍ അപകടം മൂലം ഒരംഗം മരണപ്പെട്ടാല്‍ സാമ്പത്തിക സഹായം, അംഗഭംഗം അല്ലെങ്കില്‍ അവശതമൂലം തൊഴില്‍ ചെയ്യാന്‍ കഴിയാതെ നിധിയിലെ അംഗത്വം അവസാനിപ്പിക്കേണ്ടിവന്നാല്‍, ഒരംഗം അടച്ച അംശദായതുക നിര്‍ദേശിക്കപ്പെട്ട പലിശ സഹിതം തിരികെ ലഭിമാകുന്നു, ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങള്‍ക്ക് ചികിത്സയ്ക്കായി സാമ്പത്തിക സഹായം, വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹം, വനിതാ അംഗങ്ങളുടെ പ്രസവം എന്നിവയ്ക്ക് സാമ്പത്തിക സഹായം, അംഗങ്ങളുടെ മക്കളുടെ പഠനാവശ്യത്തിന് സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിക്കും. സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയുടെ ഉദ്ഘാടനം മേയ് 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് നിര്‍വഹിക്കും.