കണ്ടല കള്ളപ്പണ കേസില്‍ സി പി ഐ നേതാവും മകനും അറസ്റ്റില്‍

Kerala

തിരുവനന്തപുരം: കണ്ടല കള്ളപ്പണ കേസില്‍ സി പി ഐ നേതാവും മകനും അറസ്റ്റില്‍. കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് സി പി ഐ നേതാവ് ഭാസുരാംഗനേയും മകന്‍ അഖിലിനേയും അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.

നേരത്തെ നവംബര്‍ 17ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാവാന്‍ ഇ ഡി ആവശ്യപ്പെട്ടുവെങ്കിലും ഭാസുരാംഗനും മകനും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം നടന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തി രേഖകള്‍ കസ്റ്റഡിയിലെടുത്തിരുന്നു.