കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തിന്റെ രണ്ടാം ദിവസം സാക്ഷരതാമിഷന്‍ പ്രവര്‍ത്തകരും പഠിതാക്കളും ചേര്‍ന്നൊരുക്കിയ പ്രതിഭാസംഗമം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ് ചോല അധ്യക്ഷത വഹിച്ചു. അക്കാദമി ട്രഷറര്‍, കൊണ്ടോട്ടി തഹസില്‍ദാര്‍ പി. അബൂബക്കര്‍ സ്വാഗതം ആശംസിച്ചു. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ജില്ലാപഞ്ചായത്ത് മെമ്പര്‍ സുഭദ്ര ശിവദാസന്‍, സി.കെ. പുഷ്പ സാക്ഷരതാ മിഷന്‍ കൊണ്ടോട്ടി, ശ്രീധരന്‍ തിരൂരങ്ങാടി, ഗോപിനാഥന്‍ മാസ്റ്റര്‍, റസിയാബി അരീക്കോട്, അമ്മു ചേലേമ്പ്ര, സുബ്രഹ്മണ്യന്‍ പരപ്പനങ്ങാടി, ആബിദ വേങ്ങര, പി. സരസ്വതി, പി. ഹഫ്‌സത്ത് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ മാപ്പിള കലകള്‍, ഭരതനാട്യം, ഗ്രൂപ്പ് ഡാന്‍സ്, പ്രഛന്നവേഷം, നാടോടി നൃത്തം, നാടന്‍പാട്ട്, തിരുവാതിര, വയലിന്‍വായന, തെയ്യംപാട്ട്, മോണോആക്ട്, മിമിക്രി എന്നിവ അരങ്ങേറി.
മഹോത്സവത്തോടനുബന്ധിച്ച് നടന്ന വനിതകള്‍ മാത്രം ചേര്‍ന്ന് നടത്തിയ ഇശലിമ്പം മാപ്പിളപ്പാട്ട് മേള പ്രശസ്ത തബലിസ്റ്റ് നത്‌നശ്രീ അയ്യര്‍ ഉദ്ഘാടനം ചെയ്തു. വിളയില്‍ ഫസീല, ഇന്ദിര ജോയ്, സീനാ രമേശ്, മുക്കം സാജിത, അനാമിക എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നിസാ അസീസി ഹാര്‍മോണിയം വായിച്ചു. മഹോത്സവത്തില്‍ 13ന് ശനിയാഴ്ച രാവിലെ ഭിന്നശേഷി കലോല്‍സവം അരങ്ങേറും. പരിപാടിയില്‍ പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികളുടെ വീല്‍ചെയര്‍ ഒപ്പന, സംഗീത പരിപാടികള്‍ ഉണ്ടായിരിക്കും. വൈകിട്ട് കവി ആലങ്കോട് ലീലാകൃഷ്ണന്‍ വൈദ്യര്‍സ്മാരക പ്രഭാഷണവും എ.പി. അഹമ്മദ് നടന്‍ മാമുക്കോയ അനുസ്മരണവും നടത്തും. തുടര്‍ന്ന് സന്തോഷ് തച്ചണ്ണ അവതരിപ്പിക്കുന്ന ദുഃഖപുത്രന്‍ എന്ന ഏകപാത്ര നാടകവും, ഷംസീര്‍ കൊണ്ടോട്ടിയുടെ നേതൃത്വത്തില്‍ കോല്‍ക്കളിയും അരങ്ങേറും.