224 അംഗ സഭയില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും: ഡി കെ ശിവകുമാര്‍

Analysis

കര്‍ണാടക കത്ത് / ഡോ.കൈപ്പാറേടന്‍

തങ്ങള്‍ കേവല ഭൂരിപക്ഷമായ 113ഉം കടന്ന് 150 സീറ്റുകള്‍ നേടുമെന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ അല്‍പ്പം മുമ്പ് എന്‍ ഡി ടി വിയോട് പറഞ്ഞു.

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതിന് ഒരുദിവസം മുമ്പ്, കോണ്‍ഗ്രസ്സ് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.

ബി ജെ പിയും ജെ ഡി എസും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടും. ആകെയുള്ള 224 അംഗ നിയമസഭയില്‍ തങ്ങള്‍ 150 സീറ്റുകള്‍ നേടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കരുതപ്പെടുന്ന ശിവകുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞു,

‘കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വരും, ഞങ്ങളുടെ ദേശീയ നേതാക്കള്‍ അവരുടെ കഴിവിന്റെ പരമാവധി ചെയ്തു. ഞങ്ങള്‍ക്കു കരുത്തായി സിദ്ധരാമയ്യ ഉണ്ടായിരുന്നു, അദ്ദേഹവും നന്നായി യാത്ര ചെയ്തിട്ടുണ്ട്. കര്‍ണാടകയുടെ നീളവും വീതിയും ഞങ്ങള്‍ക്കു നന്നായിട്ടറിയാം. ഞങ്ങള്‍ നല്ല വിജയം നേടും.’ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയും ജെ ഡി എസും തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തൂക്കുസഭ ഉണ്ടാകുമെന്നും JDS കിംഗ് മേക്കര്‍ റോള്‍ വഹിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിഎസിനെ വശീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ താനില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

‘ജെഡിഎസും ബിജെപിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തട്ടെ. അവരുടെ സംസാരത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷെ ഞങ്ങള്‍ സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കും’ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ആരെയാണ് മുഖ്യമന്ത്രിയാക്കുക എന്ന ചോദ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഒഴിഞ്ഞുമാറി. ‘സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാന്‍ തികച്ചും യോഗ്യനാണെന്ന് ശിവകുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ അധ്യക്ഷന്‍മാരായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഞങ്ങളത് അംഗീകരിക്കും’

കര്‍ണാടക ഭരിക്കുന്ന ബിജെപി എന്തുവിലകൊടുത്തും ദക്ഷിണേന്ത്യയിലെ തങ്ങളുടെ ഏക കോട്ട കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നത് തടയാനുള്ള നീക്കത്തിലാണ്. തങ്ങള്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും അവര്‍ നിരന്തരമായി ജെഡിഎസുമായി ബന്ധപ്പെടുന്നുണ്ട്. ഖഉട മായുള്ള സഖ്യം മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും തള്ളിക്കളയുകയും ചെയ്തു.

115ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് യെദ്യൂരപ്പ പറഞ്ഞു. ബിജെപി അനായാസം ഭൂരിപക്ഷം നേടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പറഞ്ഞു. ജെ ഡി എസ്സാകട്ടെ അന്തിമ ഫലങ്ങള്‍ വന്നാലുടന്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.