നിയമസഭ അംഗീകരിച്ച ആദിവാസി ഭൂനിയമം പോലെ ഐക്യരാഷ്ട്ര സഭയുടെ പലസ്തീന്‍ പ്രമേയങ്ങള്‍, എല്ലാം കുടിയേറ്റക്കാര്‍ക്ക് വേണ്ടി

Analysis

ചിന്ത / എ പ്രതാപന്‍

രിത്രത്തില്‍ നിന്ന് ആരും ഒന്നും പഠിക്കുന്നില്ല എന്നതാണ് ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം. ചരിത്രത്തിനുള്ളില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ ചരിത്രത്തോട് ഏതാണ്ട് അന്ധരാണ്. ഇനിയും ചരിത്രമായി കഴിഞ്ഞിട്ടില്ലാത്ത ഒരു ജീവിതമാണ് അപ്പോള്‍ അവര്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. കാലം നിങ്ങളുടെ കൈപ്പിടിയില്‍ നിന്ന് കൈവിട്ടു പോയ ശേഷമാണ് , ആ കാലത്തെ ചരിത്രമാക്കി മാറ്റുന്ന നരേറ്റീവുകള്‍ രൂപം കൊള്ളുന്നത്, അതിന് കാര്യകാരണങ്ങളുടെ യുക്തിഭദ്രമായ ചട്ടക്കൂട് ലഭിക്കുന്നത്. അത് ഒരു പില്‍ക്കാഴ്ച മാത്രമാകുന്നു. ആവശ്യമുള്ളപ്പോള്‍ ഉപകരിക്കാതെ പോയ അറിവ്. നിങ്ങളുടെ ജീവിതം ചരിത്രമായി കഴിയുമ്പോഴേക്കും നിങ്ങള്‍ ആ ചരിത്രത്തിന് പുറത്തായി കഴിഞ്ഞിരിക്കും. പുതിയ കാലത്തിനു മുന്നിലാണ് എപ്പോഴും പഴയ ചരിത്രം വന്നു വീഴുന്നത്.

ചരിത്രം ഒരു ഓര്‍മ്മയാണെങ്കില്‍, ആ ഓര്‍മ്മ എപ്പോഴും മുറിഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഓര്‍ക്കുന്ന മനുഷ്യര്‍ മാറിക്കൊണ്ടിരിക്കേ ഓര്‍മ്മകളും ശ്ലഥമാകുന്നു. മാറുന്ന കാലത്തിന് പഴയ ഓര്‍മ്മകള്‍ പലതും അനാവശ്യമെന്ന് തോന്നുന്നു. അവ എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടുന്നു. ചരിത്രാഖ്യാനങ്ങള്‍ ഓര്‍മ്മകളിലെ ആ വിടവുകള്‍ സൗകര്യപ്രദമായ നുണകള്‍ കൊണ്ട് അടച്ചു കളയുന്നു. മറവികള്‍ നല്ലതാണ്, സൗകര്യപ്രദമാണ്, ഒരു ഇടക്കാലാശ്വാസമാണ്. നമ്മുടെ ചരിത്രത്തിന്റെ മുഖ്യധാര അതാണ്. ഇസ്രയേല്‍ എന്നത് ഞാന്‍ പണ്ട് വായിച്ചത് യഹൂദരുടെ വലിയ, വ്യാകുലമായ ഓര്‍മ്മകളുടെ പേര്‍ എന്നാണ്, പക്ഷേ ഇപ്പോള്‍ അറിയുന്നു , അതൊരു വലിയ കൂട്ട മറവിയുടെ പേരായി മാറിയെന്ന്.

പക്ഷേ ചരിത്രത്തിന് ചില പുറമ്പോക്കുകള്‍ ഉണ്ട്. ചരിത്രം തളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങള്‍. അവിടെ മറവികള്‍ക്ക് ഇടമില്ല. എന്നും ഓര്‍മ്മകളുടെ നിത്യ കൂദാശകള്‍. നമ്മള്‍ ആദിവാസികള്‍ എന്നു വിളിക്കുന്ന മനുഷ്യരെ കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ കാണുന്നത് ചരിത്രത്തിന്റെ ആ പുറമ്പോക്കുകളെയാണ്. ചരിത്രം അവരെ ബാധിക്കാതെ പോയി , മറവി അവരെ അനുഗൃഹിക്കാതെയും. ഇന്നലെ, ഇന്ന്, നാളെ എന്ന് ഇനിയും വേര്‍പിരിഞ്ഞിട്ടില്ലാത്ത ഒരു കാലത്തില്‍ അവരുണ്ട്. അതു കൊണ്ട് നരവംശ ശാസ്ത്രജ്ഞന്മാര്‍ക്ക് എളുപ്പമായി. വര്‍ത്തമാന കാലത്തിലെ ഭൂതകാലമായി അവര്‍ പഠന സാമഗ്രികളായി.

പലസ്തീനും അത്തരം ഒരു ഗോത്രസമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നു. ചരിത്രത്തിന്റെ പുറമ്പോക്കില്‍ മറവികളാല്‍ അനുഗ്രഹിക്കപ്പെടാത്ത ഒരു സമൂഹം. പലസ്തീനിലെ സ്ത്രീകളൊക്കെ പ്രസവിക്കുന്നത് ഓര്‍മ്മകളെയാണെന്ന് ദര്‍വീഷ് എഴുതിയത് അതു കൊണ്ടാണ്. പലസ്തീനിലേക്ക് പോയാല്‍ മതി, പഴയതും പുതിയതുമായ എല്ലാ നിയമങ്ങളും ആ തെരുവുകളില്‍ നിങ്ങള്‍ക്ക് വായിക്കാം, തോറയും ബൈബിളും ഖുറാനും എല്ലാം. വര്‍ത്തമാനത്തില്‍ പൊതിഞ്ഞ ഒരു ഭൂതകാലത്തെ ചരിത്രം അവിടെ ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു. കുരിശുകള്‍ക്ക് പകരം പീരങ്കികളും ബോംബുകളും എന്നു മാത്രം. ആധുനിക നരവംശ ശാസ്ത്രത്തിന് പലസ്തീന്‍ നല്ല ഒരു പഠനസാമഗ്രി. നമ്മുടെ മഹാത്മാക്കളായ രാഷ്ട്രീയ ചിന്തകര്‍ പലസ്തീനെയും ഐക്യരാഷ്ട്ര സഭയെയും ചേര്‍ത്ത് പറയുമ്പോള്‍ ചിരി വരുന്നു. കേരള നിയമസഭ പാസാക്കിയ ആദിവാസി നിയമം പോലെയാണ് ഐക്യരാഷ്ട്ര സഭയുടെ പലസ്തീന്‍ പ്രമേയങ്ങളും. എല്ലാം കുടിയേറ്റക്കാര്‍ക്കു വേണ്ടി, കുടിയിറക്കപ്പെട്ടവര്‍ക്കു വേണ്ടിയല്ല.

ആല്‍ത്തൂസര്‍ പറഞ്ഞതാണ് ശരി, History is a process without subject or object, കര്‍ത്താവോ കര്‍മ്മമോ ഇല്ലാത്ത ഒരു ക്രിയ /പ്രക്രിയയാണ് ചരിത്രം.