ഒന്നിന് പിറകെ ഒന്നായി കേസുകള്‍ മറുനാടനെ പൂട്ടാനൊരുങ്ങി ഇരകള്‍

News

തിരുവനന്തപുരം: ഒന്നിന് പിറകെ ഒന്നായി കേസുകള്‍ വരാന്‍ തുടങ്ങിയതോടെ മറുനാടന്‍ മലയാളിക്കും ഷാജന്‍ സ്‌കറിയക്കുമെതിരെയുള്ള കുരുക്ക് മുറുകുന്നു. നിരന്തരമായി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ സത്യസന്ധമല്ലാത്ത വാര്‍ത്തകള്‍ നല്‍കിയതാണ് ഷാജന്‍ സ്‌കറിയക്കും മറുനാടനും വിനയാകുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് മറുനാടനെതിരെ ഇന്നലെ രംഗത്തെത്തിയത്.

നേരത്തെ ഷാജന്‍ സ്‌കറിയക്കും മറുനാടനുമെതിരെ എം എ യുസഫലി മാനനഷ്ട കേസ് നല്‍കിയിരുന്നു. വ്യാജമായ വാര്‍ത്ത നല്‍കി യുസഫലിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ നീക്കമാണ് കേസിന് കാരണമായത്. ഇതിന്റെ നിയമ നടപടികള്‍ക്കിടെയാണ് സിനിമ നടന്‍ പൃഥ്വിരാജും മറുനാടനെിരെ കേസുമായി രംഗത്തെത്തിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി പൃഥ്വിരാജ് 25 കോടി പിഴയടച്ചു എന്ന വാര്‍ത്തയാണ് കേസിന് കാരണമായത്. ഈ വാര്‍ത്തയും വ്യജമാണെന്നതാണ് കേസിന് കാരണമായത്. ഈ കേസില്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നാണ് നടന്‍ പൃഥ്വിരാജ് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും മറുനാടനും ഷാജന്‍ സ്‌കറിയക്കുമെതിരെ രംഗത്തെത്തിയത്. ഫേസ് ബുക്ക് പേജിലൂടെയാണ് ചാണ്ടി ഉമ്മന്‍ കേസ് നല്‍കിയ കാര്യം പങ്കുവെച്ചത്. പിതാവിന്റെ ആരോഗ്യനിലയെ കുറിച്ച് തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്നതാണ് കേസിന് കാരണമായത്.