കോഴിക്കോട്: കേരള വ്യാപാരി വ്യവസായി സമിതി 11-ാം സംസ്ഥാന സമ്മേളനം 23, 24, 25 തീയതികളില്‍ കോഴിക്കോട്ട് നടക്കും. 22ന് കോഴിക്കോട് കടപ്പുറത്തെ പൊതുസമ്മേളന നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിക്കും. പതാക ജാഥ 21ന് ആലപ്പുഴയിലെ ഒ അഷ്‌റഫിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കും. കൊടിമര ജാഥ കൊയിലാണ്ടിയിലെ എം പി കൃഷ്ണന്റെ സ്മൃതി മണ്ഡപത്തില്‍നിന്ന് 22ന് രാവിലെ 9.30ന് തുടങ്ങും.
23ന് വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറം ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന വ്യാപാരി റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. മുന്‍ മന്ത്രി എളമരം കരീം എംപി മുഖ്യപ്രഭാഷണം നടത്തും. വ്യാപാര പ്രമുഖരെ മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ആദരിക്കും. ആശീര്‍വാദ് ഓഡിറ്റോറിയത്തിലാണ് 24, 25 തീയതികളില്‍ പ്രതിനിധി സമ്മേളനം. 525 പ്രതിനിധികള്‍ പങ്കെടുക്കും. 24 ന് രാവിലെ 10 ന് മുന്‍മന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ അധ്യക്ഷനാകും. സെകട്ടറി ഇ എസ് ബിജു പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ് ദിനേഷ് കണക്കും അവതരിപ്പിക്കും. 25ന് പ്രതിനിധി സമ്മേളന വേദിയില്‍ മുതിര്‍ന്ന വ്യാപാരികളെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ആദരിക്കും.
രണ്ടര ലക്ഷത്തിലധികം വ്യാപാരികളാണ് വ്യാപാരി വ്യവസായി സമിതിയില്‍ അംഗങ്ങളായുള്ളത്. 2019 ല്‍ തിരുവനന്തപുരത്താണ് ഇതിനുമുമ്പ് സംസ്ഥാന സമ്മേളനം ചേര്‍ന്നത്. കോവിഡ് മഹാമാരിക്കുശേഷം നടക്കുന്ന സംസ്ഥാന സമ്മേളനത്തിനാണ് ചരിത്ര നഗരിയായ കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്. മൂന്നാമത്തെ തവണയാണ് കോഴിക്കോടിന് സമ്മേളന ആതിഥ്യം. പ്രഥമ സമ്മേളനം1989 ല്‍ കോഴിക്കോട്ടാണ് ചേര്‍ന്നത്. 2008ലും കോഴിക്കോട് വേദിയായി. നിരവധി പ്രതിസന്ധികളിലൂടെയാണ് വ്യാപാര വ്യവസായ മേഖല കടന്നുപോകുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ, സെക്രട്ടറി ഇ എസ് ബിജു, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സന്തോഷ് സെബാസ്റ്റ്യന്‍, സംസ്ഥാന ജോ. സെക്രട്ടറി സി കെ വിജയന്‍, സംസ്ഥാന ട്രഷറര്‍ എസ് ദിനേഷ്, ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.