കെ എസ് ആര്‍ ടി സി സ്വിഫ്റ്റിനും ഇനി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍; മാര്‍ച്ച് മാസത്തോടെ സര്‍വ്വീസ് ആരംഭിക്കും

Kerala

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി സ്വിഫ്റ്റിന് വേണ്ടിയുള്ള സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ എത്തിതുടങ്ങി. കെ എസ് ആര്‍ ടി സി സ്വിഫ്റ്റിന് വേണ്ടി വാങ്ങുന്ന 131 സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആദ്യത്തേത് ബംഗുളുരുവില്‍ നിന്നും കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാര്‍ച്ച് 15 തീയതിയോട് കൂടി ബാക്കി മുഴുവന്‍ ബസുകളും എത്തിച്ചേരും. ഈ ബസുകള്‍ ട്രയല്‍ റണ്ണും, രജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തിയായ ശേഷം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോഗിക്കുക. അതിന് ശേഷം മേയ് പകുതിയോട് കൂടി ഈ ബസുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. ഈ ബസുകള്‍ ഏത് റൂട്ടില്‍ ഉപയോഗിക്കണം എന്ന് ഉള്‍പ്പെടെയുളളവയുടെ പഠനത്തിന് ശേഷമാകും ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കുക.

അശോക് ലെയിലാന്റ് കമ്പനിയുടെ 12 മീറ്റര്‍ നീളമുള്ള ഷാസിയില്‍ ബംഗുളുരുവിലെ എസ്.എം കണ്ണപ്പ (പ്രകാശ്) കമ്പനിയാണ് ബസിന്റെ ബോഡി നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെയുള്ള സൂപ്പര്‍ഫാസ്റ്റുകളില്‍ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസില്‍ 55 സീറ്റുകളാണ് ഉണ്ടാകുക. എയര്‍ സസ്‌പെന്‍ഷന്‍ ബസില്‍ കൂടുതല്‍ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും,യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡിഗ്രി ക്യാമറയും, മുന്‍ഭാഗത്ത് ഡാഷ് ബോര്‍ഡിലും, പിറക് വശത്ത് ക്യാമറയും ഒരുക്കിയിട്ടുണ്ട്. പുറത്ത് നില്‍കുന്ന യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ കേള്‍ക്കുന്ന രീതിയില്‍ അനൗന്‍സ്‌മെന്റ് സംവിധാനവും നിലവിലുണ്ട്.

ബി എസ് 6 ശ്രേണിയില്‍ ഉള്ള ഈ ബസുകളില്‍ സുഖപ്രദമായ സീറ്റ്, എമര്‍ജന്‍സി വാതില്‍, ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, സീറ്റുകളുടെ പിന്‍വശത്ത് പരസ്യം പതിയ്ക്കാനുള്ള സൗകര്യം എന്നിവയ്‌ക്കൊപ്പം ട്യൂബ് ലൈസ് ടയറുകളും ഈ ബസിന്റെ പ്രത്യേകതയാണ്.
ബസ്സുകളുടെ സാങ്കേതികമായ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നിരീക്ഷിയ്ക്കുന്നതിനുള്ള i-alert സംവിധാനവും ഈ ബസ്സുകളില്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *