യു കെയിലെ നഴ്‌സായ മാര്‍ഗരറ്റിന് ആസ്റ്റര്‍ ആഗോള അവാര്‍ഡ്

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡിന്. യു.കെയിലെ നഴ്‌സായ മാര്‍ഗരറ്റിന് ലഭിക്കുന്നത് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡാണ്. 202 രാജ്യങ്ങളില്‍ നിന്നും അപേക്ഷിച്ച 52,000 നഴ്‌സുമാരില്‍ നിന്നാണ് മാര്‍ഗരറ്റിനെ തെരഞ്ഞെടുത്തത്. ലണ്ടനില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു അവാര്‍ഡ് വിതരണം.അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ലണ്ടനിലെ ക്യൂന്‍ എലിസബത്ത് സെക്കന്‍ഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് വിജയിയെ പ്രഖ്യാപിച്ചത്.

യു.കെ സര്‍ക്കാറിന്റെ പ്രൊഫ. ജാമി വാട്ടര്‍ പുരസ്‌ക്കാര വിതരണം നടത്തി. റോയല്‍ കോളജ് ഓഫ് നഴ്‌സിങ് പ്രസിഡന്റ് ഷെയ്‌ല സോബ്‌റാനി, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് കോര്‍പറേറ്റ് അഫേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ വില്‍സണ്‍ സന്നിഹിതരായി. പ്രമേഹ രോഗ പരിചരണം മെച്ചപ്പെടുത്താനുള്ള മാര്‍ഗരറ്റിന്റെ പ്രവര്‍ത്തനം കൂടി മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഇന്ത്യക്കാരി ശാന്തി തെരേസ ലക്ര, കാത്തി ക്രിബെന്‍ പിയേഴ്‌സ്, ക്രിസ്റ്റിന്‍ മാവിയ സാമി, ഗ്ലോറിയ സെബല്ലോ, ജിന്‍സി ജെറി, ലിലിയന്‍ യൂ സ്യൂ മീ, മൈക്കല്‍ ജോസഫ് ഡിനോതെരേസ ഫ്രാഗ, വില്‍സണ്‍ ഫംഗമേസ ഗ്വെസ്സ എന്നിവരാണ് അവസാനറൗണ്ടിലെത്തിയത്. ഇവര്‍ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങളും വിതരണം ചെയ്തു.