മാലിന്യ നിക്ഷേപം; ആയഞ്ചേരിയില്‍ കടകള്‍ക്കെതിരെ നടപടി തുടങ്ങി

Kozhikode

ആയഞ്ചേരി: ടൗണിലെ കടകളില്‍ നിന്നും മാലിന്യങ്ങള്‍ അശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്തതിന് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചു. ഏതാനും ദിവസം മുമ്പ് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ഹരിത സേനാംഗങ്ങള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ടൗണ്‍ മുഴുവന്‍ ശുചീകരിച്ച് ജൈവ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു. ശേഷം ഓരോ കടകളിലും കയറി ജൈവ മാലിന്യങ്ങള്‍ സ്വയം സംസ്‌കരിക്കാനും അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് വെച്ച് ഹരിത സേനാംഗങ്ങള്‍ക്ക് കൈമാറാനും നിര്‍ദ്ദേശവും നല്‍കി. ലംഘിക്കുന്നവര്‍ക്ക് പിഴ ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

അതിന്റെ തുടര്‍ പ്രവര്‍ത്തനമെന്നോണം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി. ടി. സുജിത്തിന്റെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സജീവന്റെയും നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ട് കടകള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതും ജൈവ മാലിന്യം കൂട്ടിയിട്ടതും ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് കടകള്‍ക്കും 5000 രൂപ പിഴ ചുമത്തി. മുന്നറിയിപ്പുമില്ലാതെ വരും ദിവസങ്ങളിലും ഇതുപോലെ മിന്നല്‍ പരിശോധന നടത്തുമെന്നും പിഴയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. പഞ്ചായത്തിനെ ക്ലീന്‍ പഞ്ചായത്താക്കി മാറ്റുന്നതിന് മുഴുവന്‍ പൊതുജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. സംഘത്തില്‍ പഞ്ചായത്ത് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്മാരായ അജീഷ്, ഐശ്വര്യ, നൂറ എന്നിവര്‍ സംബന്ധിച്ചു.