തിരുവനന്തപുരം: പുതിയ അധ്യായന വര്‍ഷം എല്ലാ വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദമായിരിക്കും എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണം സ്ഥാപനമായ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റ്യൂട്ട് മെന്റലി ചലഞ്ച് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതീക്ഷ സംഗമം അറിയാം ഓട്ടിസം എന്നീ പരിപാടികളുടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാര്‍ക്ക് എല്ലാവിധ സംരക്ഷണവും വിദ്യാലയങ്ങള്‍ ഒരുക്കണം. ഇതിനു വേണ്ടിയുള്ള അധ്യാപക പരിശീലനം നടക്കുകയാണ്.
ഇന്‍സുലിന്‍ എടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം മുറി തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെ ഒരു ബാധ്യയായി കാണാനല്ല സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തികളെ സ്‌ക്രീനിംഗ് നടത്തി, അതില്‍ നിന്നും തെരഞ്ഞെടുത്ത 10 വ്യക്തികള്‍ക്ക് അനുയോജ്യമായ ജോലി നല്‍കുക വഴി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരെ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ പ്രതീക്ഷ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. എസ്.ഐ.എം.സിയുടെ പ്രയത്‌നത്തില്‍ 14 ഓളം പേര്‍ക്കു ജോലി നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യക്തികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സന്മനസ്സ് കാണിച്ച തൊഴില്‍ദാതാക്കളായ ഓരോരുത്തരേയും സര്‍ക്കാര്‍ അഭിനന്ദിക്കുകയാണ്. ഇത്തരത്തിലുള്ള കുട്ടികളെ മുഖ്യധാരയിലേക്കെത്തിക്കുന്നതിന് മറ്റ് തൊഴില്‍ ദാതാക്കളും മുന്നോട്ടുവരുമെന്ന് ഈ അവസരത്തില്‍ പ്രതീക്ഷിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കഴക്കൂട്ടത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തുന്ന മാജിക് പ്ലാനറ്റ് പോലൊരു സ്ഥാപനം പാങ്ങപ്പാറയില്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ഒരു പ്രോജക്റ്റ് തയ്യാറാക്കാന്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയു മുമ്പ് തന്നെ അത് യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഭിന്നശേശിക്കാരായ കുട്ടികളുടെ മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. ഈ സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പ് ഭിന്നശേഷിക്കാരുടെയും രക്ഷിതാക്കളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രത്യേകം പദ്ധതി നടപ്പിലാക്കും. ഭിന്ന ശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. തൊഴില്‍ നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തരാക്കുക എന്നത് ഏറ്റവും വലിയ കാര്യമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയില്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡിന്റെ ഡയറക്ടര്‍ ജെന്‍സി വര്‍ഗീസ് സ്വാഗതം പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്, കൗണ്‍സിലര്‍ പാളയം രാജന്‍, ഡോ. സുപ്രിയ എ ആര്‍, ഷൈന്‍ മോന്‍ എം.കെ, ഡോ. സി രാമകൃഷ്ണന്‍, ഡോ. ജയപ്രകാശ്, ഡി. ജേക്കബ്, സജിത എസ് പണിക്കര്‍, ജയ ആര്‍.എസ്, ശ്രീജിത്ത് പി. തുടങ്ങിയവര്‍ പങ്കെടുത്തു.