രണ്ടായിരത്തിന്‍റെ നോട്ടുകള്‍ പിന്‍വലിച്ചു

India

ന്യൂദല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. 2,000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുമെന്നും സെപ്റ്റംബര്‍ 30നകം ആളുകള്‍ക്ക് അവ മാറ്റാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) 19 റീജിയണല്‍ ഓഫീസുകളും വഴി മറ്റ് ബാങ്കുകളും മെയ് മുതല്‍ 2,000 രൂപ നോട്ടുകള്‍ മാറ്റി എടുക്കാം

നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ ജനങ്ങള്‍ക്ക് ഉപയോഗിക്കാം. ഈ നോട്ടുകള്‍ സെപ്റ്റംബര്‍ 30നകം മാറ്റി എടുക്കണം. ജനങ്ങള്‍ക്ക് നോട്ട് മാറ്റിയെടുക്കാന്‍ മെയ് 23മുതല്‍ സൗകര്യം നല്‍കുമെന്നും ആര്‍ ബി ഐ അറിയിച്ചു.

2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള 1,000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ആയിരുന്നു 2000ത്തിന്റെ നോട്ടുകള്‍ ഇറക്കിയത്. 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി ആര്‍ ബി ഐ പ്രസ്താവനയില്‍ പറഞ്ഞു.

2023 മെയ് 23മുതല്‍ നോട്ടുകള്‍ മാറ്റി വാങ്ങിക്കാം. ഏത് ബാങ്കിലും ഒരേ സമയം 2000 രൂപയുടെ ബാങ്ക് നോട്ടുകള്‍ മറ്റ് നോട്ടുകളാക്കി മാറ്റി വാങ്ങിക്കാം എന്നും ആര്‍ ബി ഐ പറഞ്ഞു. വിദേശത്തായിരിക്കുന്ന പ്രവാസികളുടെ കൈയ്യില്‍ ഉള്ള നോട്ടുകള്‍ മാറ്റി എടുക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.

സെപ്തംബര്‍ 30 വരെ ആളുകള്‍ക്ക് കുറഞ്ഞ മൂല്യമുള്ള നോട്ടുകളിലേക്ക് 2000ത്തിന്റെ നോട്ടുകള്‍ മാറ്റാം. 2000 രൂപ മൂല്യമുള്ള നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്പാണ് പുറത്തിറക്കിയതാണ്. അവ കണക്കാക്കിയ നാല് അഞ്ച് വര്‍ഷത്തെ ആയുസിന്റെ അവസാനത്തിലാണ് ഇപ്പോള്‍ എന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 2000 നോട്ടുകള്‍ ആകെ 6.73 ലക്ഷം കോടി രൂപയുടെ ഉണ്ട് എന്നാണ് കണക്കുകള്‍.