യുവത പ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Kerala

കോഴിക്കോട്: യുവത ബുക്‌സിന്റെ പ്രഥമ പ്രതിഭാ പുരസ്‌കാരങ്ങള്‍ എ കെ കോടൂരിനും അബ്ദുറഹ്മാന്‍ മങ്ങാടിനും സമര്‍പിച്ചു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആംഗ്ലോ മാപ്പിള യുദ്ധം 1921′ എന്ന ഗ്രന്ഥം രചിച്ച എ കെ കോടൂരിന് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. കേരള മുസ്‌ലിം ചരിത്രത്തിന്റെ നിരവധി അപൂര്‍വ സ്രോതസ്സുകള്‍ ശേഖരിക്കുകയും ഗവേഷണം നടത്തുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത അബ്ദുറഹമാന്‍ മങ്ങാടിന്റെ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. 10,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. മുസ്തഫ ഫാറൂഖി എന്നിവര്‍ പുരസ്‌കാരദാനം നിര്‍വഹിച്ചു. എ കെ കോടൂരിന്റെ പുത്രന്‍ പി കെ കോമുക്കുട്ടി, അബ്ദുറഹമാന്‍ മങ്ങാട് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

യുവത ഡയറക്ടര്‍ കെ പി സകരിയ്യ അധ്യക്ഷത വഹിച്ചു. ‘എ കെ കോടൂര്‍ നമ്മെ അറിയിച്ചത്’ എന്ന വിഷയത്തില്‍ കേരളീയം ഡിജിറ്റല്‍ മാഗസിന്‍ എഡിറ്റര്‍ വി മുസഫര്‍ അഹമ്മദ്, ‘അബ്ദുറഹമാന്‍ മങ്ങാട്: ജീവിതവും സന്ദേശവും’ എന്ന വിഷയത്തില്‍ യുവത സി ഇ ഒ ഹാറൂന്‍ കക്കാട് എന്നിവര്‍ പ്രഭാഷണം നടത്തി. എഞ്ചിനിയര്‍ പി മമ്മദ് കോയ, ഡോ. അന്‍വര്‍ സാദത്ത്, ഡോ. സുഫ്യാന്‍ അബ്ദു സത്താര്‍, സഹല്‍ മുട്ടില്‍ പ്രസംഗിച്ചു.