കൊച്ചി: വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് മെയ് 29ന് കര്‍ഷകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നു. കേരളത്തില്‍ വന്യമൃഗശല്യം അതിരൂക്ഷമാകുകയും ദിനംപ്രതി നിരവധി കര്‍ഷകകര്‍ക്ക് പരിക്കേല്‍പ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും ഉത്തരവാദിത്വപ്പെട്ട ഭരണാധികാരികള്‍ നിസംഗതരായിരിക്കുന്നത് ധിക്കാരപരമാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. വന്യമൃഗ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടാത്തത് ആരെ ഭയന്നിട്ടാണെന്ന് വ്യക്തമാക്കണമെന്നും കൃഷിഭൂമിയിലിറങ്ങുന്ന വന്യമൃഗങ്ങളെ മനുഷ്യജീവന്റെ സംരക്ഷണത്തിനായി ജനങ്ങള്‍ക്ക് വേട്ടയാടാനുള്ള നിയമനിര്‍മ്മാണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ കോഓര്‍ഡിനേറ്റര്‍ അഡ്വ.കെ.വി ബിജു വിഷയാവതരണം നടത്തി. സേവ് വെസ്‌റ്റേണ്‍ ഘട്‌സ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജയിംസ് വടക്കന്‍ മുഖ്യാതിഥി ആയിരുന്നു. ജനറല്‍ കണ്‍വീനര്‍ ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, രാഷ്ടിയ കിസാന്‍ മഹാ സംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായ മുതലാംതോട് മണി, ജോയ് കണ്ണംചിറ, മനു ജോസഫ്, ജോര്‍ജ് സിറിയക്, ഭാരവാഹികളായ അഡ്വ. സുമിന്‍ എസ് നെടുങ്ങാടന്‍, സണ്ണി തുണ്ടത്തില്‍, വി.എന്‍ രവീന്ദ്രന്‍, ജോബിള്‍ വടാശ്ശേരി, വര്‍ഗീസ് കൊച്ചുകുന്നേല്‍, റോസ് ചന്ദ്രന്‍, ചാക്കപ്പന്‍ ആന്റണി, ബാബു പുതുപ്പറമ്പില്‍, ഏനു പി.പി, ജിജോ വട്ടോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മെയ് 29 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ കേരളത്തിലെ മുഴുവന്‍ കര്‍ഷകപ്രസ്ഥാനങ്ങളും ജനങ്ങളുടെ രക്ഷയ്ക്കായി അണിചേരണമെന്ന് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അഭ്യര്‍ത്ഥിച്ചു.