പദങ്ങളും മുദ്രകളും താളലയ വിന്യാസവും; നൃത്ത പാഠങ്ങള്‍ പങ്കുവച്ച് ഡോ സിത്താര ബാലകൃഷ്ണന്‍

Kerala

തിരുവനന്തപുരം: പദങ്ങളും മുദ്രകളും പിന്നെ താളലയ വിന്യാസവും… കുട്ടിക്കൂട്ടത്തിന് ശാസ്ത്രീയ നൃത്തത്തിന്റെ അകവും പുറവും പരിചയപ്പെടുത്തി വിജ്ഞാന വേനല്‍. കുട്ടികളിലെ സര്‍ഗാത്മകതയെയും അറിവിനെയും തൊട്ടുണര്‍ത്തുന്നതിനും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ വിജ്ഞാനവേനലിന്റെ മൂന്നാം ദിനത്തിലാണ് പ്രശസ്ത നര്‍ത്തകി ഡോ. സിത്താര ബാലകൃഷ്ണന്‍ നൃത്ത പാഠങ്ങള്‍ കുട്ടികള്‍ക്കായി പങ്കുവച്ചത്.

പദവും താളവും മുദ്രകളും കുട്ടികളെ പരിചയപ്പെടുത്തി. മിടുക്കരില്‍ ചിലര്‍ അപ്പോള്‍ തന്നെ പഠിച്ചെടുത്തു അവതരിപ്പിച്ചു. കേരള സര്‍വകലാശാല സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആന്റ് വിഷ്വല്‍ ആര്‍ട്ട് ഡയറക്റ്റര്‍ ഡോ. രാജാവാര്യര്‍ നാടക കളരിയിലൂടെ അഭിനയത്തിന്റെ വിവിധ തലങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തി. തുടര്‍ന്നു സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, കവി സുമേഷ് ബാലകൃഷ്ണന്‍, ഗായകന്‍ പദ്മകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. നാളെ ക്യാമ്പ് അംഗങ്ങള്‍ നിര്‍മിക്കുന്ന ഷോര്‍ട്ട് റോഡ് മൂവി ചിത്രീകരണത്തിന്റെ ഭാഗമായുള്ള യാത്ര. 26ന് ഡോ. എസ് .ഗീത ക്ലാസെടുക്കും. വൈകിട്ട് നാലിന് വിവിധ കലാപരിപാടികളോടെ ക്യാമ്പ് സമാപിക്കും.