കള്ളപ്രചാരണങ്ങള്‍ നാളെ പൊളിയും: ഐ എന്‍ എല്‍

Kerala

കോഴിക്കോട്: പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ വെള്ളിയാഴ്ച കോഴിക്കോട്ട് നടത്തുന്ന പരിപാടിയോടെ ഇതുവരെ തുടര്‍ന്നുപോന്ന കള്ളപ്രചാരണങ്ങള്‍ മുഴുവന്‍ പൊളിയും എന്ന് മാത്രമല്ല ഇവരുടെ രാഷ്ട്രീയ പാപ്പരത്തം തുറന്നു കാട്ടപ്പെടുമെന്നും ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. യഥാര്‍ഥ ഐ എല്‍ എല്ലുകാര്‍ തിരസ്‌കരിച്ച, കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഒരു മാഫിയാ സംഘമാണിതെന്ന് വ്യക്തമാവും. ‘സെക്കുലര്‍ ഇന്ത്യ റാലി’ എന്ന പരിപാടി നടത്തുന്നത് ഐ എന്‍ എല്‍ ആണ് എന്ന വ്യാജേനയാണ് ഇക്കൂട്ടര്‍ സംസ്ഥാനത്തുടനീളവും ഗള്‍ഫിലും വ്യാപകമായി പിരിവ് നടത്തിയത്. എല്ലാറ്റിനുമൊടുവില്‍ മൈക്ക് പെര്‍മിഷനും പൊലീസ് അനുമതിക്കും അപേക്ഷ നല്‍കിയതാവട്ടെ ഇന്ത്യന്‍ നാഷനല്‍ ലേബര്‍ ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന ഒരു വ്യാജ സംഘടനയാണ്.

2022 ഒക്ടോബര്‍ 12ലെ സബ് കോടതി ഉത്തരവില്‍ നിര്‍ദേശിക്കും വിധം ഐ എല്‍ എല്‍ എന്ന പാര്‍ട്ടിയുടെ പേരോ പതാകയോ ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശത്തോടെയാണ് അസി. പൊലീസ് കമീഷണര്‍ അനുമതി നല്‍കിയിരിക്കുന്നത്. 2022 ഒക്ടോബര്‍ 12ന്റെ സബ്‌കോടതി വിധി എ പി അബ്ദുല്‍ വഹാബ്, നാസര്‍ കോയ തങ്ങള്‍ എന്നിവര്‍ക്കു മാത്രമല്ല, ഇവരുടെ ഒപ്പമുള്ള എല്ലാവര്‍ക്കും ബാധകമാണെന്ന പരോക്ഷ പ്രഖ്യാപനമാണ് മെയ് 24ന്റെ സബ്‌കോടതി ഉത്തരവോടെ ഉണ്ടായിരിക്കുന്നത്. പരിപാടിയില്‍ വഹാബോ, നാസര്‍ കോയയോ, അവരുടെ ആളുകളോ (Respondents no.1 and 2 or their men) ഐ.എന്‍.എല്ലിന്റെ പേരോ, പതാകയോ, ചിഹ്നങ്ങളോ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ടി.സി. അര്‍ജുന്‍ ബാബുവിനെ അഡ്വക്കറ്റ് കമീഷണറായി നിയോഗിച്ചിരിക്കുന്നത്. ആര് ഉത്തരവ് ലംഘനം നടത്തിയാലും അത് കണ്ടുപിടിക്കണമെന്നും ആരാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നുമാണ് രേഖപ്പെടുത്താനുള്ളത്. അതേസമയം, നാളത്തെ പരിപാടിയെക്കുറിച്ച് പത്രസമ്മേളനം നടത്തിയവരില്‍ ലേബര്‍ ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ പ്രതിനിധികളാരുമില്ല എന്നത് ഈ കപട നാടകത്തിന്റെ അശ്ലീലത തുറന്നു കാട്ടുന്നു. പരിപാടി ഉദ്ഘാടനം ചെയ്യുന്ന പി.സി. കുരീല്‍ ആര്‍.എസ്.എസ് ബന്ധത്തിന്റെ പേരില്‍ ഐ.എന്‍.എല്‍ ദേശീയ നേതൃത്വം ഇതുവരെ മാറ്റിനിര്‍ത്തുകയും മാസങ്ങള്‍ക്കുമുമ്പ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്ത വ്യക്തിയാണെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു.