ബി ജെ പിയുടെ തോഴന്‍ ഡി കെയുടെയും പ്രിയങ്കരന്‍; കര്‍ണാടകയില്‍ ഷാഫി സാദിയെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കി

India

ബംഗളുരു: വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസിന് ജനം നല്‍കിയ വിജയത്തിന് മങ്ങലേല്‍പ്പിക്കുന്ന തീരുമാനവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ്. ബി ജെ പിയുടെ നോമിനിയായി കഴിഞ്ഞ തവണ വഖഫ് ബോര്‍ഡ് ചെയര്‍മാനായ ആളെ തന്നെ വീണ്ടും വഖഫ് ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ ഇയാളെ പുറത്താക്കിയിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ വീണ്ടും നിയമനം നല്‍കിയിരിക്കുകയാണ്. ഉപമുഖ്യമന്ത്രിയും പി സി സി പ്രസിഡന്റുമായ ഡി കെ ശിവകുമാറിനുള്ള താത്പര്യമാണ് ബി ജെ പിയുടെ തോഴന് കോണ്‍ഗ്രസ് ഭരണത്തില്‍ അധികാരത്തിലേക്കുള്ള വഴി തുറന്നത്.

ബി ജെ പി ഭരണത്തില്‍ അവരുടെ നോമിനിയായി കര്‍ണ്ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായ ഷാഫി സാദിയെയാണ് കോണ്‍ഗ്രസ് പുറത്താക്കിയതിന് ശേഷം തിരിച്ചെടുത്തത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഷാഫി സാദിയെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുനര്‍ നിയമിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലേറിയ ഉടനെ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം സമുദായത്തിന് വേണമെന്നാവശ്യപ്പെട്ട് ഷാഫി സാദി രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിലും വലിയ പ്രശ്‌നങ്ങള്‍ ഉടെലടുത്തിരുന്നു. തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്.

കേരളത്തിലെ കാന്തപുരം എ പി സുന്നി വിഭാഗക്കാരനാണ് ഷാഫി സാദി. ഇദ്ദേഹത്തെയും ഒപ്പം ജി യാക്കൂബ്, മിര്‍ അസ്ഹര്‍ ഹുസൈന്‍, ഐഎഎസ് ഓഫീസറായ സഹീറ നസീം എന്നിവരെയുമാണ് ബി ജെ പി സര്‍ക്കാര്‍ വഖഫ് ബോര്‍ഡിലേക്ക് നിയോഗിച്ചത്. ഇവരെയെല്ലാം കോണ്‍ഗ്രസ് പുറത്താക്കിയെങ്കിലും ഡി കെ ശിവകുമാര്‍ ഇടപെട്ട് വീണ്ടും തിരിച്ചെടുത്തിരിക്കുകയാണ്. ആര്‍ എസ് എസ്, ബി ജെ പി നേതൃത്വങ്ങളുമായി ഏറെ അടുപ്പമുള്ളയാളാണ് ഷാഫി സാദി എന്ന മുസ്‌ലിയാര്‍.