നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും സാമൂഹിക ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കും: മുഖ്യമന്ത്രി

News

തിരുവനന്തപുരം: ഭരണ സംവിധാനത്തില്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താനും ഡിജിറ്റല്‍ സംസ്ഥാനമാകാനും ലക്ഷ്യമിട്ടുകൊണ്ട് കേരളത്തെ ആദ്യ സമ്പൂര്‍ണ ഇഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. കേരളജനതയെ വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിലെ സുപ്രധാന കാല്‍വയ്പാണിത്.

ഇഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സേവനം ആവശ്യമുള്ള പൗരന്‍മാര്‍ക്കും മാത്രമായുള്ള ഒരു ശൃംഖല രൂപപ്പെടുത്തുക എന്നതു മാത്രമല്ല, നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യാ നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതു കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയും അതിലധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിനാകെ പ്രയോജനപ്പെടണം എന്നുണ്ടെങ്കില്‍ സമൂഹത്തിലെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കണം. അതിനുവേണ്ട ഇടപെടലുകള്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതികവിദ്യയെ പൊതുസേവന മേഖലയുമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ഇഗവേണന്‍സ് ചെയ്യുന്നത്. ഇത് നവകേരള സൃഷ്ടിക്ക് സുശക്തമായ അടിത്തറ പാകുന്ന ഒന്നായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ വേളയാണിത്. ഇതിനെ ആഘോഷപരിപാടിയായി മാത്രം ചുരുക്കാതെ ജനോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും ആ നിലയ്ക്കാണ് നൂറുദിന കര്‍മ്മ പരിപാടി ആവിഷ്‌ക്കരിച്ചു നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

കുറഞ്ഞ ചെലവിലോ സൗജന്യമായോ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി കേരളം ആവിഷ്‌കരിച്ച കെഫോണ്‍ പദ്ധതി അടുത്ത മാസം നാടിനു സമര്‍പ്പിക്കപ്പെടുകയാണ്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഇന്റര്‍നെറ്റ് സാന്ദ്രതയില്‍ വര്‍ധനവുണ്ടാകും. അതോടെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളെ കൂടുതല്‍ പ്രയോജനപ്പെടുത്താം. അങ്ങനെ ജനങ്ങളും ഭരണസംവിധാനവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.

ഇഗവേണിംഗ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്‌റ്റേറ്റ് ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവില്‍ 2,000 ത്തിലധികം ഹോട്ട്‌സ്‌പോട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് എന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താന്‍ പല തലങ്ങളിലുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതിനുപുറമേ 2,000 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി ഒരുങ്ങുകയാണ്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഒരുക്കാനായി ബന്ധപ്പെട്ട ഈ അടിസ്ഥാന സൗകര്യവികസന പദ്ധതികളെല്ലാം തന്നെ ഇഗവേണന്‍സ് സംവിധാനങ്ങള്‍ ജനങ്ങള്‍ക്കു പ്രാപ്യമാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൂടി ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി ഇസേവനം പോര്‍ട്ടല്‍ എന്ന പേരില്‍ ഏകജാലക സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. തൊള്ളായിരത്തോളം സേവനങ്ങള്‍ നിലവില്‍ ഈ പോര്‍ട്ടല്‍ മുഖേന ലഭ്യമാണ്. ഇതേ മാതൃകയിലുള്ള മറ്റൊരു ജനകീയ പദ്ധതിയാണ് ഇഡിസ്ട്രിക്റ്റ് പദ്ധതി. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും സബ് കളക്ടറേറ്റുകളിലും കമ്മീഷണറേറ്റുകളിലും ഡയറക്ടറേറ്റുകളിലും മറ്റും ഇഓഫീസ് സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു. താലൂക്ക് തലത്തിലും ഇഓഫീസ് സംവിധാനം സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ തന്നെ അവ പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് ഉത്തേജനം പകരുന്നതാണ് ഇഗവേണന്‍സ് മേഖലയിലെ മുന്‍കൈകളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം ആദ്യ സമ്പൂര്‍ണ ഇഗവേണന്‍സ് സംസ്ഥാനമാകുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങളിലേക്കെത്തുമെന്ന് ആമുഖഭാഷണം നടത്തിയ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു. സമസ്ത മേഖലയിലും ഇഗവേണന്‍സിലൂടെയുള്ള മാറ്റം പ്രതിഫലിക്കുമെന്നും സമൂഹ പുരോഗതിയില്‍ ഇത് നിര്‍ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഇലക്ട്രോണിക്‌സ്‌ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി എന്നിവര്‍ സംബന്ധിച്ചു.

അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കാന്‍ ഇ ഗവേണന്‍സിലൂടെ സാധിക്കും. മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇ ഗവേണന്‍സിലൂടെ ലക്ഷ്യമിടുന്നു. അത്യാധുനിക സാങ്കേതികവിദ്യാ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ച് എല്ലാത്തരം സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി നല്‍കാന്‍ സഹായിക്കും. ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനമുള്‍പ്പെടെ 800ല്‍പ്പരം സര്‍ക്കാര്‍ സേവനങ്ങള്‍ ഏകജാലക സംവിധാനത്തിലേക്ക് മാറും.

സമ്പൂര്‍ണ ഇഗവേണന്‍സ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇലക്ട്രോണിക്‌സ്‌ഐടി വകുപ്പ് കനകക്കുന്നില്‍ എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും സേവനങ്ങളുമാണ് ഓഡിയോ, വിഷ്വല്‍ രൂപങ്ങളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മേയ് 27 വരെ നടക്കുന്ന എക്‌സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.