മുസ്ലിം നവോത്ഥാന ചരിത്രം അപനിര്‍മ്മിക്കുവാനുള്ള ശ്രമം അപഹാസ്യം: വിസ്ഡം സമ്മേളനം

News

കോഴിക്കോട്: അന്ധവിശ്വാസങ്ങളെ പുനരാനയിക്കാനായി ചരിത്ര രേഖകളില്‍ വസ്തുനിഷ്ഠമായി പ്രതിപാദിച്ചിട്ടുള്ള മുസ്ലിം നവോത്ഥാന ചരിത്രത്തെ അപനിര്‍മിക്കുവാനുള്ള ശ്രമം അപഹാസ്യമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഇസ്ലാമിക് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ കഴിഞ്ഞകാല രാഷ്ട്രീയ സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പരിഷ്‌കര്‍ത്താക്കള്‍ സലഫീ ആശയം സ്വീകരിച്ചവരായതിനാലാണ് ചിലര്‍ അസ്വസ്ഥരാകുന്നത്. സമൂഹത്തിന്റെ ആത്മീയാന്വേഷണങ്ങളെ വഴിതിരിച്ച് വിടുകയും പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്ത് കൊണ്ട് അന്ധവിശ്വാസങ്ങളില്‍ തളച്ചിട്ട ആത്മീയ ചൂഷകരില്‍ നിന്ന് സമുദായത്തിന് വൈജ്ഞാനിക കാവലൊരുക്കാന്‍ ത്യാഗം സഹിച്ചവരായിരുന്നു നവോത്ഥാന നായകര്‍. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും നവോത്ഥാന ശ്രമങ്ങളെയും വില കുറച്ച് കാണാനുള്ള ബാലിശമായ ശ്രമം ചരിത്രബോധത്തെ പരിഹസിക്കലാണെന്നും അതിനെതിരെ പ്രതിരോധം തീര്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സ്ത്രീകളില്‍ ലിംഗമാറ്റത്തിന് പ്രേരിപ്പിക്കുകയും പുരുഷവേഷം അടിച്ചേല്‍പിക്കുകയും ചെയ്ത് കൊണ്ട് സ്ത്രീ സ്വത്വത്തെ അപകര്‍ഷമായി കാണുന്നവര്‍ പുരോഗമനമവകാശപ്പെടുന്നത് അപഹാസ്യമാണ്. സ്ത്രീകളുടെ പ്രകൃതിക്കിണങ്ങുന്ന സുരക്ഷയുടെ മാര്‍ഗ്ഗങ്ങളാണ് നിര്‍ദ്ദേശങ്ങളായും നിയമങ്ങളായും ഇസ്ലാം മുന്നോട്ട് വെക്കുന്നത്.

പൊതുവേദികളിലും ഭരണതലങ്ങളിലും നേതൃസ്ഥാനങ്ങളിലും സ്ത്രീകളുടെ ജനസംഖ്യാനുപാത പ്രകാരം ഇടം നല്‍കാത്തവര്‍ മതത്തെ വിമര്‍ശിക്കുന്നത് അതിശയോക്തമാണ്. പരസ്യ കമ്പോളങ്ങളിലെ കേവലം ഉപഭോഗ വസ്തുവാക്കി സ്ത്രീയെ തരം താഴ്ത്താന്‍ ശ്രമിക്കുന്നതിനെ വിമര്‍ശിക്കാന്‍ തയ്യാറാവാത്തത് സ്ത്രീകളുടെ വിമോചനമല്ല ഇവരുടെ ലക്ഷ്യമെന്നതിന് തെളിവാണ്.

അധികാരമുള്ള ഫാഷിസവും പടരുന്ന ലിബറലിസവും വര്‍ത്തമാന കാലത്ത് കലുഷിതമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോള്‍ മുസ്ലിം സാമുദായിക നേതൃത്വം സമൂഹത്തിന് വഴിയും വെളിച്ചവുമാകണം. പൗരോഹിത്യം വായ്ത്താരിയിലൂടെ പടച്ച് വിടുന്ന കെട്ടുകഥകളും വ്യാജസിദ്ധികളുടെ വര്‍ത്തമാനങ്ങളും മതത്തെ സമൂഹത്തില്‍ പരിഹാസ്യമാക്കുകയും അതിലൂടെ സ്വതന്ത്രവാദവും മതനിരാസവും തഴച്ച് വളരാന്‍ കാരണമാകുകയും ചെയ്യുന്നുവെന്ന തിരിച്ചറിവുണ്ടാകണമെന്നും സമ്മേളനം കൂട്ടിചേര്‍ത്തു.

പാശ്ചാത്യന്‍ ലോകക്രമത്തിലേക്ക് സാമൂഹിക ഘടനയെ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് സമൂഹവും അധികാരികളും കൂട്ടുനില്‍ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ശരീരം കീറിമുറിച്ച് വികൃതമാക്കാനും ഹോര്‍മോണുകള്‍ കുത്തിവെച്ച് രൂപം മാറാനും പ്രവണതയുള്ള തലമുറ സമൂഹത്തിന് ഭാരമാകും. മുതിര്‍ന്നവരെയും രക്ഷിതാക്കളെയും അധ്യാപകരെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള അമിതമായ അവകാശവാദവും സ്വതന്ത്രബോധവുമാണ് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തില്‍ വിദ്യാഭ്യാസ രംഗം വളരാത്തിടത്തോളം വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പുതിയ നിയമങ്ങളുടെ നിര്‍മ്മാണം നിരര്‍ത്ഥകമാണെന്നും വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.

ദൈവിക ദര്‍ശനം മാനവ രക്ഷയും സമാധാനവും സാക്ഷാത്കരിക്കും : ശൈഖ് ബദര്‍ അല്‍ അനസി
ദൈവിക ദര്‍ശനം മധ്യമ നിലപാടിലേക്കും, വിട്ടുവീഴ്ചയിലേക്കും, സഹവര്‍ത്തിത്വത്തിലേക്കും ക്ഷണിക്കുന്നതിനാല്‍ മാനവ രക്ഷയും സമാധാനവും സാക്ഷാത്കരിക്കുമെന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദര്‍ നാസിര്‍ അല്‍ ബുജൈദി അല്‍ അനസി പ്രസ്താവിച്ചു. കോഴിക്കോട് കടപ്പുറത്ത് വിസ്ഡം ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഭിന്ന വര്‍ഗ്ഗങ്ങളും ഗോത്രങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നതും, ശാന്തിയും നിര്‍ഭയത്വത്തിലും കഴിയുന്നതുമായ ഒരു മാതൃകാ സമൂഹമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. മധ്യമ നിലപാടാണ് ജനജീവിതത്തെ സുഗമമാക്കുന്നത്. ലോകരക്ഷിതാവിലുള്ള ഏകദൈവത്വമാണ് മാനവ രക്ഷക്കുള്ള ഏറ്റവും വലിയ മാര്‍ഗമെന്നും രഹസ്യവും പരസ്യവുമായ വാക്കിലും പ്രവര്‍ത്തിയിലും ആത്മാര്‍ത്ഥത സൂക്ഷിച്ചുകൊണ്ടാണ് ആദര്‍ശം സംരക്ഷിക്കപ്പെടേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. സൗദി എംബസി അസി. അറ്റാഷെ ശൈഖ് അബ്ദുല്ലത്തീഫ് അബ്ദുസ്സമദ് അല്‍ കാത്തിബ്, തുറമുഖ, മ്യ്യുസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം.കെ. രാഘവന്‍ എം.പി., അഡ്വ. കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ., ഡോ. എ,.കെ. മുനീര്‍ എം.എല്‍.എ. എന്നിവര്‍ അതിഥികളായി.

പ്രമുഖ ക്വുര്‍ആന്‍ വിവര്‍ത്തകനും വിസ്ഡം പണ്ഡിത സഭ ലജ്‌നത്തുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യ ചെയര്‍മാനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്, ഹുസൈന്‍ സലഫി, ഹാരിസ് ബിനു സലീം, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, നാസര്‍ ബാലുശ്ശേരി, റഷീദ് കുട്ടമ്പൂര്‍, വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീല്‍ മഞ്ചേരി എന്നിവര്‍ വിഷയാവതരണം നടത്തി.

വിസ്ഡം ബുക്‌സ് പുറത്തിറക്കിയ അബ്ദുല്‍ ജബ്ബാര്‍ മദീനി രചിച്ച ‘സ്വഹാബികളുടെ സഹചാരികള്‍’, ശബീബ് സ്വലാഹി രചിച്ച ‘അനന്തരാവകാശം: ദൈവികം അന്യൂനം’, സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി രചിച്ച ‘ഇസ്‌ലാമും മാനവികതയും’ ഇബ്‌നു അലി എടത്തനാട്ടുകര രചിച്ച ‘കനലും നിലാവും’ എന്നീ പുസ്തകങ്ങള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. വിസ്ഡം ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ പ്രഖ്യാപനം, ലോഗോ പ്രകാശനം, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കര്‍മ്മ പദ്ധതി പ്രഖ്യാപനം, പീസ് റേഡിയോ ക്വിസ് മത്സരം, ഇംഗ്ലീഷ് ഡോക്യുമെന്ററി ടീസര്‍, ജാമിഅ അല്‍ ഹിന്ദ് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ നൂര്‍ ആപ്ലിക്കേഷന്‍ ലോഞ്ചിംഗ്, വിസ്ഡം വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതല സര്‍ഗ സംഗമത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം, വിസ്ഡം സ്റ്റുഡന്റ്‌സ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ പ്രഖ്യാപനം, നേര്‍പഥം വാരിക ഓഡിയോ പദ്ധതി പ്രഖാപനം തുടങ്ങിയവ സമ്മേളനത്തില്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *