സൈബര്‍ ക്രൈം ത്രില്ലെര്‍ ചിത്രം ‘ബൈനറി’ക്ക് തിയേറ്ററില്‍ മികച്ച പ്രതികരണം

Cinema

സിനിമ വര്‍ത്തമാനം / എം കെ ഷെജിന്‍

കൊച്ചി: ജോയ് മാത്യു, അനീഷ് മേനോന്‍, കൈലാഷ്, സിജോയ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ പുത്തന്‍ സൈബര്‍ ക്രൈം തില്ലര്‍ ആണ് ‘ബൈനറി’. മലയാള സിനിമയില്‍ ഈയിടെയായുള്ള ത്രില്ലറുകളുടെ കുത്തൊഴുക്കിനിടയില്‍ വ്യത്യസ്തമായ സബ് ജോണര്‍ ആണ് ചിത്രം.ത്രില്ലര്‍ സിനിമകളില്‍ മലയാള സിനിമ പരീക്ഷിച്ചിട്ടില്ലാത്ത മേക്കിങ്ങ് സ്‌റ്റൈല്‍ ആണ് ബൈനറിയുടേത്. രണ്ട് ടൈംലൈനുകളിലായി നടക്കുന്ന കഥകളെ നോണ്‍ ലീനിയറായിട്ടാണ് സിനിമയില്‍ പറയുന്നത്.

നവാഗതനായ ഡോക്ടര്‍ ജെസിക് അലി സംവിധാനം ചെയ്ത ചിത്രമാണ് ബൈനറി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ജ്യോതിഷ് നാരായണ്‍ & ബിനോയ് പി. എം. ഒറ്റ വാക്കില്‍ പറഞ്ഞു തീര്‍ക്കാവുന്ന ജോനറില്‍ അല്ല ചിത്രം പെടുന്നതെന്നുള്ളത് സിനിമയെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം ആണ്. സിനിമയില്‍ അപ്രതീക്ഷിതമായതും എല്ലാവരേയും ഞെട്ടിക്കുന്നതും ജോയ് മാത്യുവിന്റെ പ്രകടനമാണ്. കഥാപാത്രത്തിന്റെ വ്യത്യസ്ത ഷെയ്ഡുകള്‍ അതിഗംഭീരമായി ജോയ് മാത്യു അവതരിപ്പിക്കുന്നു.

ഒരു കൊലപാതക കുറ്റാന്വേഷണവും, ജോയ് മാത്യു നയിക്കുന്ന കുറച്ചു ചെറുപ്പക്കാരുടെ സൈബര്‍ റോബ്ബറിയും കൂട്ടി ഇണക്കി കഥ പറയുന്ന രീതിയാണ് ബൈനറിയുടേത്. അനീഷ് രവി,നവാസ് വ ള്ളിക്കുന്ന്, കൂട്ടിക്കല്‍ ജയചന്ദ്രന്‍, നിര്‍മ്മല്‍ പാലാഴി, മാമുക്കോയ,ലെവിന്‍ സൈമണ്‍, കീര്‍ത്തി ആചാര്യ എന്നിവരും പ്രധാന വേഷത്തിലുണ്ട്.വളരെ ഫാസ്റ്റ് പേസില്‍ തുടങ്ങി എവിടെയും ബോര്‍ അടിപ്പിക്കാതെ കഥ പറഞ്ഞു പോകുന്ന ചിത്രമാണിത്. പെട്ടന്ന് പണം ഉണ്ടാക്കാന്‍ നോക്കുന്ന യുവ തലമുറ ചെന്ന് പെടുന്ന പ്രശ്‌നങ്ങളും, അവ പല വലിയ പൊല്ലാപ്പുകളിലേക്കു നയിക്കുന്നതും എല്ലാം വ്യത്യസ്തമായ സൈബര്‍ െ്രെകം തില്ലര്‍ ജോണറിലൂടെ സിനിമ കാണിച്ചു തരുന്നുണ്ട്. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും എങ്ങനെ വളരെ നിസ്സാരമായി സമര്‍ത്ഥരായ കുറ്റവാളികള്‍ കബിളിപ്പിക്കുന്നു എന്നും സിനിമ കാണിക്കുന്നു. പാരലല്‍ നറേറ്റിവില്‍ രണ്ടും കഥകള്‍ കൊണ്ട് കണക്ട് ചെയുന്നത് ഈ സിനിമയില്‍ വളരെ രസകരമായി അവതരിപ്പിക്കാന്‍ തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകനും സാധിച്ചു. സിനിമ അവസാനിക്കുന്ന രീതി ആശയക്കുഴപ്പമുണ്ടാക്കുന്നുവോ എന്ന് പെട്ടന്ന് തോന്നുമെങ്കിലും മുന്നോട്ടു വെക്കുന്ന ചോദ്യത്തിന് മുന്നില്‍ വളരെ വ്യക്തമായ ക്ലൈമാക്‌സ് ആണ് ബൈനറിയുടേത്. കഥ ആവശ്യപെടുന്ന രീതിയിലുള്ള മികച്ച ടെക്‌നിക്കല്‍ സൈഡ് ആണ് സിനിമക്കുള്ളത്, എടുത്തു പറയേണ്ടത് സിനിമയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ആണ്. ഈ ജോണറില്‍ മലയാളത്തില്‍ ഇറങ്ങിയ നല്ല ഒരു സിനിമ തന്നെ ആണ് ബൈനറി. ധൈര്യമായി ടിക്കറ്റെടുക്കാം. വോക്ക് മീഡിയയുടെ ബാനറില്‍ രാജേഷ് ബാബു കെ ശൂരനാടും മിറാജ് മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.