മലപ്പുറം: മാപ്പിള കലാസാഹിത്യ ചരിത്രത്തിലെ പ്രമുഖ കൃതിയും സാഹിത്യ ചരിത്ര ഗവേഷകര്‍ക്കുള്ള അമൂല്യ സ്രോതസ്സുമായ ‘ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പ് ഓഗസ്റ്റ് മാസത്തില്‍ പ്രസിദ്ധീകരിക്കപ്പെടും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്‍ ബ്രോഷര്‍ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു.
സി എന്‍ അഹമ്മദ് മൗലവി, കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എന്നിവരുടെ സംയുക്ത രചനയാണ് പുസ്തകം. ഗ്രന്ഥകാരന്‍ കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ മകനും ചരിത്രകാരനുമായ ഡോക്ടര്‍ കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ ആണ് പുതിയ പതിപ്പ് തയ്യാറാക്കുന്നതിനുള്ള എഡിറ്റിംഗ് ജോലികള്‍ നിര്‍വഹിച്ചത്. 1200 രൂപ മുഖവിലയുള്ള പുസ്തകം പ്രീ പബ്ലിക്കേഷന്‍ വ്യവസ്ഥയില്‍ 800 രൂപക്ക് ലഭ്യമാക്കുമെന്ന് മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അറിയിച്ചു
ലൈബ്രറി കൗണ്‍സില്‍ മലപ്പുറം ജില്ല പുസ്തക മേളയോടനുബന്ധിച്ചു നടന്ന പ്രകാശന ചടങ്ങില്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ ശിവദാസന്‍, സെക്രട്ടറി ഡോക്ടര്‍ കെ കെ ബാലചന്ദ്രന്‍, എന്‍ പ്രമോദ് ദാസ്, അജിത് കൊളാടി, കോട്ടക്കല്‍ പത്മനാഭന്‍ മാസ്റ്റര്‍, മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ഫാത്തിമ സുഹറ, കെ പി രമണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.