അഴിമതിയില്‍ ഡോക്ടറേറ്റുള്ള കേരള മുഖ്യമന്ത്രിയില്‍ നിന്ന് നീതി കിട്ടില്ല: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Kannur

കണ്ണൂര്‍: സ്വജനപക്ഷവാദത്തിലും അഴിമതിയിലും വഞ്ചനയിലും ധൂര്‍ത്തിലും ഡോക്ടറേറ്റുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നീതി കിട്ടാന്‍ പോകുന്നില്ലെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്. ചരിത്രത്തിലില്ലാത്ത വിധം നികുതിഭാരത്തിലും വിലക്കയറ്റത്തിലും പൊറുതിമുട്ടി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ജനങ്ങളെ ദുരിതത്തിലാക്കി സാമ്പത്തിക പ്രതിസന്ധി പ്രചരിപ്പിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ആര്‍ഭാടങ്ങള്‍ക്ക് പണം ധൂര്‍ത്തടിക്കുന്ന സര്‍ക്കാരാണിതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.

15 ശതമാനം കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ദീര്‍ഘകാലമായി പിടിച്ചുവെച്ച പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും വിതരണം ചെയ്യുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, ശമ്പളപെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് എസ് പി എ ( കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) നടത്തുന്ന തുടര്‍ സമരത്തിന്റെ മൂന്നാം ഘട്ടമായ കുടുംബങ്ങളോടൊപ്പം കലക്ട്രേറ്റ് പടിക്കല്‍ നടത്തിയ ജില്ലാ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ എസ് എസ് പി എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി കരുണാകരന്‍, സെക്രട്ടറിയേറ്റംഗങ്ങളായ കെ രാമകൃഷ്ണന്‍, രവീന്ദ്രന്‍ കൊയ്യോടന്‍, എ കെ സുധാകരന്‍, ജില്ലാ സെക്രട്ടറി കെ സി രാജന്‍, കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് വി മണികണ്ഠന്‍, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ വി ആര്‍ സുധീര്‍, എം ജി ജോസഫ്, ടി കുഞ്ഞികൃഷ്ണന്‍, പി അബ്ദുല്‍ ഖാദര്‍, ഇ ബാലകൃഷ്ണന്‍, കയനി ബാലകൃഷ്ണന്‍, കെ ടി ഗംഗാധരന്‍, പി കെ രാജേന്ദ്രന്‍, പി രാഘവന്‍, തങ്കമ്മ വേലായുധന്‍, ഗീത കൊമ്മേരി, പി ലളിത, വി ലളിത, ടി പി രാജീവന്‍, നാരായണന്‍ കെയറ്റി, എം പി കൃഷ്ണദാസ് പ്രസംഗിച്ചു. കോടൂര്‍ കുഞ്ഞിരാമന്‍ എന്‍ കൃഷ്ണന്‍ നമ്പൂതിരി, എ ശശീധരന്‍, എം പി കുഞ്ഞിമൊയ്തീന്‍, എം എം മൈക്കിള്‍, സി ശ്രീധരന്‍, കെ പി കെ കുട്ടികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.