ദേശീയ മാസ്റ്റേഴ്സ് മീറ്റ് ചാമ്പ്യൻ കെ പി മുസമ്മിലിന് സ്വീകരണം നൽകി

Kannur

തലശ്ശേരി : പൂനെയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഹൈജമ്പിൽ വെങ്കല മെഡൽ നേടിയ ന്യൂമാഹി എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ കെ പി മുസ്സമ്മിലിന് കെ എസ് ടി യു (കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ) തലശ്ശേരി സൗത്ത് സബ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.

ആഗസ്റ്റ് 13 മുതൽ 24 വരെ സ്വീഡനിൽ നടക്കുന്ന അന്തർദേശീയ മാസ്റ്റേഴ്സ് മീറ്റിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ദേശീയ ജേതാവിനെ കെ എസ് ടി യു മുൻ സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി ഉപഹാരം നൽകി ആദരിച്ചു.

കെ എസ് ടി യു തലശ്ശേരി സൗത്ത് സബ് ജില്ലയിൽ നിന്നും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന കെ എസ് ടി യു മുൻ ജില്ലാ ട്രഷറർ പി ഇസ്മായിൽ, വി ഹസീന എന്നിവർക്ക് നൽകിയ യാത്രയയപ്പ് സംഗമം ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. തലശ്ശേരി സൗത്ത് സബ്ജില്ല പ്രസിഡണ്ട് റമീസ് പാറാൽ അധ്യക്ഷത വഹിച്ചു.

മുബാറക് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്, കെ എസ് ടി യു ജില്ലാ ട്രഷറർ അബ്ദുൽ അലി, തലശ്ശേരി സൗത്ത് സബ്ജില്ലാ സെക്രട്ടറി എം പി സിറാജ്, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ കുഞ്ഞബ്ദുള്ള, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ, കെ കുഞ്ഞമ്മദ്, തലശ്ശേരി സൗത്ത് സബ്ജില്ലാ ട്രഷറർ മുഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ പി ഇസ്മായിൽ, വി ഹസീന എന്നിവർ മറുപടി പ്രസംഗം നടത്തി.