ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പോയിന്‍റ് കിഴതടിയൂര്‍ ബൈപ്പാസിലേക്ക്; 12 മുതല്‍ തീരുമാനം നടപ്പാക്കും

Kottayam

പാലാ: പാലായില്‍ എത്തുന്ന ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പോയിന്റ് പാലാ ബൈപാസ്സില്‍ കിഴതടിയൂര്‍ ഭാഗത്തേയ്ക്ക് മാറ്റാന്‍ ഇന്നലെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ ചേംബറില്‍ ചേര്‍ന്ന പാലാ നഗരസഭ ട്രാഫിക് കമ്മിറ്റി തീരുമാനിച്ചു. പത്തു ദിവസത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കും. ഇത് സംബന്ധിച്ച് പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് ബസ് നടത്തിപ്പുകാര്‍ക്ക് അറിയിപ്പ് നല്‍കും. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

നിലവില്‍ ജനറല്‍ ആശുപത്രിക്കു സമീപം വണ്‍വേയിലാണ് ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ ആളെ കയറ്റുന്നത്. വണ്‍വേയുടെ പകുതിയോളം ഭാഗം കയ്യേറി പാര്‍ക്ക് ചെയ്ത് പതിനഞ്ച് മിനിറ്റോളം സമയമെടുത്താണ് ആളെ കയറ്റുന്നത്. ഇത് ഈ ഭാഗത്തെ സുഗമമായ ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരുന്നു. ദിവസവും വൈകിട്ടു നാലു മണി മുതല്‍ ഏഴരവരെ നിരവധി ദീര്‍ഘദൂര സ്വകാര്യ ബസുകളാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്. ബസില്‍ ആളെ കയറ്റിവിടാന്‍ എത്തുന്നവരുടെ സ്വകാര്യ കാറുകളും മണിക്കൂറുകളോളം ഈ മേഖലയില്‍ പാര്‍ക്കു ചെയ്യാറുണ്ട്. ഇതും ഗതാഗത തടസ്സത്തിനു പ്രധാന കാരണമാണ്. കാല്‍നടയാത്രികര്‍ക്കും ഈ ഭാഗത്ത് ദുരിതം നിത്യസംഭവമാണ്. ഈ ഭാഗത്തെ വ്യാപാര സ്ഥാപനത്തില്‍ എത്തുന്നവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഇതോടെ സ്ഥിരമായി. ജനറല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്കു കുറിച്ച് കൊടുക്കുന്ന മരുന്നുകള്‍ വാങ്ങണമെങ്കില്‍ ദൂരെ പാര്‍ക്ക് ചെയ്തിട്ടു നടന്നു വരേണ്ട ഗതികേടിലുമാണ്. ഈ സാഹചര്യത്തിലാണ് സ്ഥലസൗകര്യമുള്‍പ്പെടെയുള്ള ബൈപ്പാസിലെ കിഴതടിയൂര്‍ ഭാഗം മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടിയത്. ഇതേത്തുടര്‍ന്നാണ് ട്രാഫിക് ക്രമീകരണസമിതി തീരുമാനമെടുത്തത്. ഇതോടെ ഈ ഭാഗത്തെ വൈകുന്നേരങ്ങളിലെ രൂക്ഷമായ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകുകയാണ്.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിനു പുളിയ്ക്കക്കണ്ടം, ഷാജു തുരുത്തേല്‍, മീനച്ചില്‍ തഹസീല്‍ദാര്‍ കെ എം ജോസുകുട്ടി, ട്രാഫിക് എസ് ഐ എം സി രാജു, സബ്ബ് ആര്‍ ടി ഒ ഐസക് തോമസ്, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, പീറ്റര്‍ പന്തലാനി എന്നിവര്‍ പ്രസംഗിച്ചു.