എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഹജ്ജ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ ജൂണ്‍ നാലിന് ആരംഭിക്കും

Kerala

കോഴിക്കോട്: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് (എഐഎക്‌സ്എല്‍) നാലിന് കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും സര്‍ക്കാര്‍ ഹജ്ജ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇതാദ്യമായാണ് എയര്‍ലൈന്‍ ഹജ്ജ് സര്‍വീസ് നടത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനമായ ഐഎക്‌സ് 3027 ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 1:45ന് പുറപ്പെട്ട് പ്രാദേശിക സമയം പുലര്‍ച്ചെ 5:45 ന് ജിദ്ദയിലെത്തും. ക്യാബിന്‍ ക്രൂ അംഗങ്ങളായ പ്രവീണ്‍ നായിക്, ദീപക് വര്‍മ, സച്ചിന്‍ കുമാര്‍, മോണിക്ക ദത്ത എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ ഉജ്ജ്വല്‍ മെഹ്‌റ, ഫസ്റ്റ് ഓഫീസര്‍ സങ്കേത് അബറാവോ കോമത്വാര്‍ എന്നിവരാകും വിമാന സര്‍വീസ് നിയന്ത്രിക്കുക.

കോഴിക്കോട്ടു നിന്ന് ജിദ്ദയിലേക്കുള്ള ആദ്യ ഹജ്ജ് വിമാനം ഐഎക്‌സ് 3031 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.25ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8.25ന് ജിദ്ദയിലെത്തും. ക്യാപ്റ്റന്‍ നവദീപ് സിംഗ്, ഫസ്റ്റ് ഓഫീസര്‍ പ്രതീക് ഷെഖാവത്ത്, ക്യാബിന്‍ ക്രൂ അംഗങ്ങളായ സഞ്ജീത് കുമാര്‍ എം, ഹര്‍ഷിത മണിഹാര്‍, കങ്കണ ചൗധരി, മോനിഷ ആര്‍ എന്നിവരാണ് സര്‍വീസ് നിയന്ത്രിക്കുക.

രണ്ട് ഘട്ടങ്ങളിലായാണ് സര്‍ക്കാര്‍ ഹജ്ജ് ചാര്‍ട്ടറുകള്‍ നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 44 വിമാനങ്ങളും കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് 13 വിമാനങ്ങളും സര്‍വീസ് നടത്തും. 8236 ഹജ്ജ് തീര്‍ത്ഥാടകരെ ജിദ്ദയിലെത്തിക്കും. രണ്ടാം ഘട്ടത്തില്‍ മദീനയില്‍ നിന്ന് കോഴിക്കോട്ടേക്ക് 44 വിമാനങ്ങളും മദീനയില്‍ നിന്ന് കണ്ണൂരിലേക്ക് 13 വിമാനങ്ങളും സര്‍വീസ് നടത്തും.

തടസ്സമില്ലാത്ത യാത്രാ അനുഭവം ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍പോര്‍ട്ട് സര്‍വീസ് ഓഫീസര്‍മാരെയും ഹജ്ജ് കമ്മിറ്റി പ്രതിനിധികളെയും വിന്യസിച്ച് തുടര്‍ച്ചയായ സഹായവും പിന്തുണയും നല്‍കും.

പ്രായമായ തീര്‍ഥാടകര്‍ക്ക് അവരുടെ ബോര്‍ഡിംഗ് പാസുകള്‍ കൈവശം വയ്ക്കാന്‍ എയര്‍ലൈന്‍ കളര്‍ കോഡുള്ള പൗച്ചുകളും എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും ബാഗേജ് തെറ്റായി കൈകാര്യം ചെയ്യുന്നത് തടയുന്നതിനുമായി കടും നിറമുള്ള ലഗേജ് ടാഗുകളും അവതരിപ്പിച്ചു. മദീനയിലെ തീര്‍ഥാടകരുടെ വസതികളില്‍ നിന്ന് ചെക്ക് ഇന്‍ ബാഗുകളുടെ ശേഖരണം ഉള്‍പ്പെടെയുള്ള പ്രത്യേക സഹായവും ലഭ്യമാക്കും. കാറ്ററിംഗ് സേവനങ്ങളില്‍ ചെക്ക്ഇന്‍ ചെയ്യുമ്പോള്‍ ഒരു മീല്‍ ബോക്‌സ്, വിമാനത്തിനുള്ളില്‍ ഹോട്ട് മീല്‍ സര്‍വീസ്, ഇറങ്ങുമ്പോള്‍ പായ്ക്ക് ചെയ്ത ലഘുഭക്ഷണം എന്നിവ ഉള്‍പ്പെടും. സാധാരണയുള്ള 7 കിലോ ഹാന്‍ഡ് ബാഗേജ് അലവന്‍സിനൊപ്പം രണ്ട് ഭാഗങ്ങളിലായി 40 കിലോ ബാഗേജ് അലവന്‍സും ലഭിക്കും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സംസം വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കും. മടക്ക ഫെറി വിമാനങ്ങളില്‍ സംസം വെള്ളം എത്തിച്ച് കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ സൂക്ഷിക്കും. ഓരോ തീര്‍ഥാടകനും 5 ലിറ്റര്‍ കാന്‍ സംസം വെള്ളം നല്‍കും. മെയ് 21 മുതല്‍ എയര്‍ ഇന്ത്യ ചെന്നൈ, ജയ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഹജ് സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ ഇന്ത്യ ജയ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് മദീനയിലേക്കും ജിദ്ദയിലേക്കും യഥാക്രമം 46 സര്‍വീസുകള്‍ നടത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസും എയര്‍ ഇന്ത്യയും ചേര്‍ന്ന് ഏകദേശം 19,000 തീര്‍ഥാടകരെയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി എത്തിക്കുന്നത്.