ആദരം 2022; വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Wayanad

കാക്കവയല്‍: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും പാഠ്യേതര മേഖലകളില്‍ മികവ് തെളിയിച്ചവരെയും അനുമോദിക്കുന്ന ആദരം 2022 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നത് പോലെ ജീവിതമെന്ന പരീക്ഷയിലും ഉന്നത വിജയം നേടുന്നവരാണ് യഥാര്‍ത്ഥ വിജയികളെന്ന് അദ്ദേഹം പറഞ്ഞു. മൂല്യങ്ങള്‍ ആര്‍ജിക്കുമ്പോള്‍ മാത്രമേ ജീവിതത്തില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ കഴിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സര്‍വകലാശാലയില്‍ നിന്നും ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ സ്മിത ദേവി ടീച്ചര്‍ക്കുള്ള ഉപഹാരവും സംസ്ഥാന തലത്തില്‍ ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അനൂജയ്ക്കുള്ള ഉപഹാരവും അദ്ദേഹം നല്‍കി.

പി ടി എ പ്രസിഡന്റ് എന്‍ റിയാസ് അധ്യക്ഷനായിരുന്നു. പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രിക കൃഷ്ണന്‍ വിതരണം ചെയ്തു. ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സില്‍ രാജ്യപുരസ്‌കാര്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീദേവി ബാബുവും അല്‍ മാഹിര്‍ അറബിക് എക്‌സലന്‍സ് അവാര്‍ഡ് നേടിയവര്‍ക്കുള്ള ഉപഹാരം പ്രിന്‍സിപ്പല്‍ ബിജു ടി എം വിതരണം ചെയ്തു. എസ് എം സി ചെയര്‍മാന്‍ റോയ് ചാക്കോ, എം പി ടി എ പ്രസിഡന്റ് സുസിലി ചന്ദ്രന്‍, ഇന്ദ്രന്‍ കെ എന്‍, ഖദീജ ഐ, ഖലീല്‍ റഹ്മാന്‍ കെ എന്നിവര്‍ പ്രസംഗിച്ചു.