കോഴിക്കോട്: രാജ്യം ചരിത്രത്തിലെ ഏറ്റവും അപകടകരമായ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തിന്റെ വെളിച്ചം കെടുത്തുന്ന ശക്തികള്‍ പരസ്യമായി രംഗപ്രവേശം ചെയ്യുകയാണ്. ഫാസിസ്റ്റ് വാഴ്ചയ്ക്ക് മുന്നില്‍ നിശബ്ദമാവുകയാണ് പലപ്പോഴും സാംസ്‌ക്കാരിക ലോകം. നീതി തേടിയാണ് രാജ്യതലസ്ഥാനത്ത് ഗുസ്തി താരങ്ങള്‍ സമരം നടത്തുന്നത്. എന്നാല്‍ ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളത്തിലെ ബുദ്ധിജീവികള്‍ പലരും മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 18,19,20 തീയതികളില്‍ കോഴിക്കോട് നടക്കുന്ന യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ബാങ്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളില്‍ രാജവാഴ്ചയുടെ പ്രതീകമായ ചെങ്കോല്‍ പ്രതിഷ്ഠിക്കപ്പെടുന്ന കാലത്ത് കൂടുതല്‍ ശക്തമായ പോരാട്ടങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ മാനവിക ജനാധിപത്യ മതേതര ആശയങ്ങളുടെ പക്ഷത്ത് എഴുത്തുകാരേയും കലാകാരന്‍മാരേയും ചേര്‍ത്തുനിര്‍ത്തി പോരാട്ടങ്ങള്‍ നടത്താന്‍ യുവകലാസാഹിതിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍ സമ്മേളന പരിപാടികള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. ശശികുമാര്‍ പുറമേരി അധ്യക്ഷത വഹിച്ചു. ടി വി ബാലന്‍, കെ കെ ബാലന്‍ മാസ്റ്റര്‍, ഗീതാ നസീര്‍, വിഎം അജിത, ശാരദാ മോഹന്‍, എ പി കുഞ്ഞാമു, ഇ കെ അജിത്ത്, ഡോ. ഒ കെ മുരളീകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഷ്‌റഫ് കുരുവട്ടൂര്‍ സ്വാഗതവും ഡോ. വി എന്‍ സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളയായി എ പി കുഞ്ഞാമു (ചെയര്‍മാന്‍), അഷ്‌റഫ് കുരുവട്ടൂര്‍ (ജനറല്‍ കണ്‍വീനര്‍), ഡോ. ഒ കെ മുരളീകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരടങ്ങിയ 501 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.